സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും മലപ്പുറത്ത് മൂന്ന് പേര്‍ക്കും ആലപ്പുഴയിലും തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാടും ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവായ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേരാണ്. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നും മറ്റു രണ്ട് പേർ ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിലവില്‍ 142 പേരാണ് ചികിത്സയിലുളളത്.

72,000 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 71,545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 45,527 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 33 ഹോട്ട് സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.