കോവിഡ് വീണ്ടും ശക്തിപ്പെടുന്നതായി സൂചന, മരണനിരക്ക് വര്‍ധിക്കുന്നു, തുറന്ന സംസ്ഥാനങ്ങള്‍ കെണിയില്‍

അമേരിക്കയില്‍ കോവിഡ്-19 മരണനിരക്ക് വീണ്ടും ഉയരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തുറന്ന സംസ്ഥാനങ്ങള്‍ രോഗവ്യാപനത്തിന് സഹായിക്കുന്നതായി സൂചനകള്‍. ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കറ്റ് എന്നിവിടങ്ങള്‍ക്കപ്പുറത്തേക്ക് വൈറസ് പരക്കുന്നതായാണ് സൂചന. പുതിയ മരണങ്ങളെല്ലാം തന്നെ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗം പടരുന്നില്ലെന്നു സംസ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും മരണനിരക്കില്‍ കാര്യമായ വര്‍ധനവ് കാണിക്കുന്നത് ഇവരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നു സൂചിപ്പിക്കുന്നു. 1,554,951 പേര്‍ക്കാണ് ആകെ പകര്‍ച്ചവ്യാധി രാജ്യത്ത് ഇതുവരെ പിടിപെട്ടത്. ഇതില്‍ രക്ഷപ്പെട്ടവര്‍ 359,087 വരും. മരിച്ചവരുടെ കണക്കാണ്, ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്, 92,188. കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ 207 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് ആശങ്കപ്പെടുത്തുന്നതെന്ന് കണക്കുകള്‍ ക്രോഡീകരിക്കുന്ന ഹോപ്കിന്‍സ് സര്‍വകലാശാല ഡേറ്റാ സെന്ററിലെ വിദഗ്ധര്‍ പറയുന്നു.

അതേസമയം, കുറ്റപ്പെടുത്തല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ വലയുകയാണ്. നിരവധി സംസ്ഥാനങ്ങളിലാണ് ഭരണവിരുദ്ധ വികാരം അലയടിക്കുന്നത്. അതിനിടയിലും വൈറസിനെതിരെ തെളിയിക്കപ്പെടാത്ത മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ താന്‍ കഴിക്കുകയാണെന്ന് ട്രംപ് പറയുന്നു. ആയിരക്കണക്കിനു ടണ്‍ ക്ലോറോക്വിന്‍ പായ്ക്കുകളാണ് വിവിധ വെയര്‍ഹൗസുകളില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നത്. ഇത് രാജ്യത്തെ ഭൂരിപക്ഷം ആശുപത്രികളിലും ഉപയോഗിക്കുന്നില്ല. ഇവര്‍ക്കെല്ലാം റെംദേശിവിറാണ് പഥ്യം.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍, മലേറിയ പ്രതിരോധ മരുന്നുകള്‍ എന്നിവയെക്കുറിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രിലില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് ഇത് ആവര്‍ത്തിച്ച് പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന്, വൈറസ് രോഗികള്‍ക്ക് ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. കോടിക്കണക്കിനു ഡോളറിന്റെ മരുന്നു വാങ്ങി സ്‌റ്റോക്ക് ചെയ്യുകയും ചെയ്തു. ഈ മരുന്നുകള്‍ വൈറസ് രോഗികളുടെ ഹൃദയതാളം അപകടകരമാക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങളിലോ ഹൃദയസംബന്ധമായ രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന ആശുപത്രികളിലോ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ അറിയപ്പെടുന്ന അപകടസാധ്യതകളുള്ളതുമായ ഈ മരുന്ന് താന്‍ കഴിക്കുന്നുവെന്ന് പൊതുജനങ്ങളോട് ട്രംപ് പറയുന്നതില്‍ ആശങ്കയുണ്ടെന്ന് നിരവധി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതിനുപുറമേ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ മോശമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് രാജ്യത്തെ മുന്‍നിര വിദഗ്ധര്‍ പറയുന്നു. ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം എച്ച്. പവല്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍ എന്നിവരും ഇതേ അഭിപ്രായക്കാരാണ്. ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ല, സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ക്കപ്പുറം രാജ്യം വീണ്ടും തുറക്കാനുള്ള സംഘടിത ശ്രമങ്ങളില്ല എന്ന ആരോപണമാണ് എവിടെയും ഉയരുന്നത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ ഒരു കാര്യവും ഗവര്‍ണര്‍മാര്‍ മറ്റൊന്ന് പറയുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മറ്റൊന്ന് പറയുകയും ചെയ്യുന്നു.

പാന്‍ഡെമിക്കിലുടനീളം പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റിയിട്ടുണ്ട്. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പൊതുജനാരോഗ്യ ഉേദ്യാഗസ്ഥരോട് പരസ്യമായി വിയോജിച്ചു, മാസ്‌ക് ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് പറഞ്ഞ് വൈറസിന്റെ തീവ്രത ആവര്‍ത്തിച്ചു. കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ ഫെഡറല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഏപ്രിലിലെ സിഎന്‍എന്‍ വോട്ടെടുപ്പില്‍ (55%) അമേരിക്കക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 80% റിപ്പബ്ലിക്കന്‍മാരും ഫെഡറല്‍ സര്‍ക്കാര്‍ ഒരു നല്ല ജോലി ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു, 85% ഡെമോക്രാറ്റുകളും നേരെ മറിച്ചാണ് പറഞ്ഞത്. രാജ്യം വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതില്‍ നിറഞ്ഞിരുന്നു. ഇതേ വോട്ടെടുപ്പില്‍ പകുതിയിലധികം റിപ്പബ്ലിക്കന്‍മാരും തങ്ങളുടെ സാധാരണ ദിനചര്യകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റുകളില്‍ നാലിലൊന്ന് പേരും ഇതുതന്നെ പറഞ്ഞു.

ആ അഭിപ്രായങ്ങള്‍ സംസ്ഥാന അടച്ചുപൂട്ടലുകളില്‍ പ്രകടമാണ്. ഡെമോക്രാറ്റിന്റെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയ മാര്‍ച്ച് 19 ന് അടച്ചുപൂട്ടി. അതേസമയം, റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളായ ഫ്‌ലോറിഡ, ടെക്‌സസ് എന്നിവ രണ്ടാഴ്ച കഴിഞ്ഞ് അടച്ചുപൂട്ടുന്നതിനെ ചെറുക്കുകയും താരതമ്യേന വേഗത്തില്‍ വീണ്ടും തുറക്കുകയും ചെയ്തു. അസ്വസ്ഥമായ ഈ സമയത്ത്, മാസ്‌ക്ക് ധരിക്കുന്നത് പോലും ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറിയിരിക്കുന്നു.

ആഴത്തില്‍ ഭിന്നിച്ച അമേരിക്കയ്ക്ക് പോലും പാര്‍ട്ടി ഭിന്നതകളെ മറികടക്കാന്‍ കഴിയും. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിനെ ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു, 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ജനപ്രീതി 50 മുതല്‍ 90% വരെ ഉയര്‍ന്നു. തീവ്രവാദം ഒരു ദേശീയ ഭീഷണിയായിരുന്നു, ആ ഭീഷണിയുടെ നിയമസാധുതയെക്കുറിച്ച് ഒരു ചോദ്യവും ഉയര്‍ന്നില്ല. എന്നാല്‍, കൊറോണ വൈറസിനെ അതേ രീതിയില്‍ ആരും കാണുന്നില്ല.

സിഡിസിയുടെ പ്രാരംഭ കൊറോണ വൈറസ് പരിശോധനകള്‍ പരാജയപ്പെടുകയും ആഴ്ചകളോളം പ്രതികരണം വൈകുകയും ചെയ്തതാണ് ആയിരങ്ങളെ കൊലയ്ക്കു കൊടുത്തതെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നതിനേക്കാള്‍ ഇപ്പോഴും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് എപ്പിഡെമിക്‌സ് ഡിസീസ് തലവനായ ഡോ. ആന്റണി ഫൗസിയുടെ വാക്കുകള്‍ക്കാണ് ജനം ചെവിക്കൊടുക്കുന്നത്. ഇദ്ദേഹമടങ്ങിയ കോവിഡ് ടാസ്‌ക്ക് ഫോഴ്‌സിനെയാണ് പ്രസിഡന്റ് ട്രംപ് നിര്‍ജീവമാക്കിയത്. ഇപ്പോള്‍ ഉയരുന്ന മരണനിരക്ക് ഇതിനുള്ള മറുപടിയാണെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.

ഡോ. ജോര്‍ജ് എം. കാക്കനാട്