സിനിമാ സെറ്റ് പൊളിച്ച സംഭവം; ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: കാലടി മണപ്പുറത്ത് മിന്നല്‍ മുരളി ചിത്രത്തിനായി ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. സിനിമാ സെറ്റ് പൊളിച്ചതുമായി ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളും വിമര്‍ശകരും പ്രശ്‌നം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

അതേസമയം സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും.സെറ്റ് തകര്‍ത്തവര്‍ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. കാലടി ശിവരാത്രി ആഘോഷ സമിതിയും അന്വേഷണം ആവശ്യപ്പെട്ട് പരാതിനല്‍കിയിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറല്‍ എസ്പി എം.ജെ.സോജനും പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സൈബര്‍ സെല്ലിന്റെ സഹായവും ഉപയോഗിക്കും.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.ഇതാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടിട്ടുണ്ട്.