കൊറോണയെ മറന്ന് അമേരിക്കന്‍ ജനത, വാരാന്ത്യമാഘോഷിക്കാന്‍ ജനക്കൂട്ടം ബീച്ചുകളില്‍

ഹ്യൂസ്റ്റണ്‍: കോവിഡ് 19 പകര്‍ച്ചവ്യാധിയെ വളരെ പെട്ടെന്ന് മറന്ന് അമേരിക്കന്‍ ജനത. നിയന്ത്രണങ്ങള്‍ നീക്കിയതോടെ പലേടത്തും പകര്‍ച്ചവ്യാധി പടരുകയാണ്. രോഗം പിടിപ്പെട്ടവരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്കും മരണം ഒരു ലക്ഷത്തിലേക്കും അടക്കുന്നു. ഇതിനിടയില്‍ മെമ്മോറിയല്‍ വാരാന്ത്യം ആഘോഷിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മറന്ന് അമേരിക്കന്‍ ജനത തെരുവുകളിലും ബീച്ചുകളിലുമിറങ്ങി. ഏറെക്കാലത്തെ സ്റ്റേ അറ്റ് ഹോമിനു ശേഷമാണ് ജനം സ്വാതന്ത്ര്യം ആഘോഷിച്ചത്. കൊറോണ മരണം ഒരു ലക്ഷത്തിലേക്ക് കുതിച്ചുകയറുമ്പോഴും വാരാന്ത്യത്തില്‍ ഗോള്‍ഫ് കളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയം ചിലവഴിച്ചു. ഇതിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

കോവിഡ് ഉയര്‍ത്തിയ സാമൂഹിക അകലത്തെ അവഗണിച്ചാണ് ജനം ആഘോഷത്തിനായി ഒത്തുകൂടിയത്. ഫ്‌ലോറിഡ, മേരിലാന്‍ഡ്, ജോര്‍ജിയ, വിര്‍ജീനിയ, ഇന്ത്യാന എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് ജനങ്ങള്‍ ബീച്ചുകളില്‍ നിറഞ്ഞത്. പലരും മാസ്‌ക്കുകള്‍ പോലും ധരിക്കാതെയാണ് വീട് വിട്ടിറങ്ങിയത്. മിസോറിയില്‍ നൂറുകണക്കിന് ആളുകള്‍ ഒരു പൂള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. തൊട്ടടുത്ത സംസ്ഥാനമായ അര്‍ക്കന്‍സാസ് കോവിഡ് ദുരിതത്തില് വലയുമ്പോഴും ജനങ്ങള്‍ അതൊക്കയും മറന്നാണ് ഒത്തുചേരല്‍ നടത്തിയത്. കൊറോണ ടാസ്‌ക്ക് ഫോഴ്‌സ്, സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ തുടങ്ങിയവര്‍ നല്‍കിയ ജാഗ്രത മുന്നറിയിപ്പുകളെല്ലാം ജനങ്ങള്‍ അവഗണിച്ചു. സംസ്ഥാനങ്ങള്‍ നല്‍കിയ ഇളവുകള്‍ ശരിക്കും ജനക്കൂട്ടം മുതലെടുത്തു.

 

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു, ‘അണുബാധയുടെ വ്യാപനത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. മാരകമായ വൈറസ് ഇതുവരെ അടങ്ങിയിട്ടില്ലെന്ന് ആരോഗ്യ ഉേദ്യാഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍, വീണ്ടും തുറന്ന സ്‌റ്റോറുകള്‍, ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തുടനീളമുള്ള പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മറക്കരുത്.’ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡാ. സ്റ്റീഫന്‍ ഹാനും ആവശ്യപ്പെട്ടെങ്കിലും ജനങ്ങള്‍ മുഖംതിരിച്ചു.

‘രാജ്യം ഈ അവധിക്കാല വാരാന്ത്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെ, കൊറോണ വൈറസ് ഇതുവരെ അടങ്ങിയിട്ടില്ലെന്ന് ഞാന്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു. തങ്ങളേയും അവരുടെ സമൂഹത്തേയും സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. സാമൂഹിക അകലം, കൈ കഴുകല്‍, മാസ്‌ക് ധരിക്കുന്നത് എന്നിവ ഓരോരുത്തരെയും സംരക്ഷിക്കുന്നുവെന്ന് മറക്കരുത്,’ ഡോ. സ്റ്റീഫന്‍ ഹാന്‍ ട്വീറ്റ് ചെയ്തു. നിയമലംഘനങ്ങള്‍ ആരോപിച്ച് നഗരത്തിന് നൂറുകണക്കിന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബാറുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കുമായി ശേഷി പരിധി നടപ്പാക്കാന്‍ അധികാരികള്‍ ആരംഭിക്കുമെന്ന് ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. ‘സാമൂഹിക അകലം ഇല്ല, മാസ്‌ക് ഇല്ല. ഈ മെമ്മോറിയല്‍ ദിന വാരാന്ത്യം അവസാനിച്ചുകഴിഞ്ഞാല്‍ അവര്‍ ജോലിയിലോ അല്ലെങ്കില്‍ മറ്റൊരാളുമായി അടുത്തിടപഴകാനോ പോകുന്നു. ഇത് അപകടമാണ്.’

ഇതുവരെ, രാജ്യത്ത് 1,691,206 അണുബാധകളും മരണങ്ങള്‍ ഒരു ലക്ഷത്തിനടുത്തും, (99,396) എത്തിയിരിക്കുന്നു. അമേരിക്കക്കാര്‍ സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങിവരികയും രാജ്യം കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നുവെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും ശരിയായ ദിശയിലല്ല. വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉയര്‍ന്ന നോര്‍ത്ത് കരോലിന, മേരിലാന്‍ഡ്, വിര്‍ജീനിയ, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള അണുബാധകള്‍ കാണുന്നുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്‌സ് അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ പുതിയ കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരം വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടം എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിക്കാന്‍ ഉദദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് ഇത് ഒരു തിരിച്ചടിയാണ്. പ്രാദേശിക അധികാരികള്‍ നിയന്ത്രണങ്ങളോട് വൈവിധ്യമാര്‍ന്ന സമീപനങ്ങളാണ് സ്വീകരിച്ചത്. ചില കമ്മ്യൂണിറ്റികള്‍ അവരുടെ ആഘോഷങ്ങള്‍ ക്രമീകരിക്കാന്‍ ക്രിയാത്മക മാര്‍ഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ന്യൂയോര്‍ക്ക് നഗരമടക്കം ബീച്ചുകള്‍ അടച്ചിരുന്നു. ഇവിടെ, പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം തുറന്നിരുന്ന ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ജനക്കൂട്ടം ഒഴുകിയെത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിതയും തിങ്കളാഴ്ച സ്മാരകദിനം ആചരിക്കാന്‍ ഒരു പുഷ്പാര്‍ച്ചന ചടങ്ങിനായി ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരി സന്ദര്‍ശിച്ചു, തുടര്‍ന്ന് ബാള്‍ട്ടിമോറിലെ ഫോര്‍ട്ട് മക്‌ഹെന്റിയിലും അദ്ദേഹമെത്തി. പ്രസിഡന്റിന്റെ ബാള്‍ട്ടിമോര്‍ സന്ദര്‍ശനത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്, തുടര്‍ന്ന് സന്ദര്‍ശനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നഗര മേയര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസില്‍ നിന്നുള്ള മരണസംഖ്യ കൂടുന്നതിനിടെ വിര്‍ജീനിയയിലെ തന്റെ ക്ലബില്‍ ഗോള്‍ഫ് റൗണ്ട് കളിച്ചതിന് ട്രംപിനെതിരേ ഉയരുന്നത് വ്യാപക പ്രതിഷേധമാണ്. റോമ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നൂറോ ചക്രവര്‍ത്തിയോടാണ് എതിരാളികള്‍ അദ്ദേഹത്തെ ഉപമിച്ചത്.

രാജ്യം ആറ് അക്ക മരണത്തോടടുക്കുമ്പോള്‍, പ്രതിസന്ധി ഘട്ടത്തില്‍ ഗോള്‍ഫ് കളിച്ചത് വരും ദിവസങ്ങളില്‍ വന്‍ വിവാദമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ട്രംപ് ഒരിക്കല്‍ പ്രവചിച്ചിരുന്ന മരണസംഖ്യ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തില്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ 15 കൊറോണ വൈറസ് കേസുകള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ 15 എണ്ണം പൂജ്യത്തോട് അടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതാണ് ഇന്ന് മൂന്നുമാസം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തോട് അടുക്കുന്നത്.

ഡോ. ജോര്‍ജ് എം. കാക്കനാട്ട്