ചിക്കാഗോ തിരിച്ചുവരവിന്റെ പാതയിലേക്ക് ; ഫേസ് 3 ജൂൺ 3 മുതൽ

ചിക്കാഗോ: കോവിഡ് 19 ന്റെ വ്യാപനത്തിൽ പ്രതീക്ഷാനിർഭരമായ കുറവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ജന ജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലേക്ക് ചിക്കാഗോ നഗരം നീങ്ങുന്നു. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം മേയർ ലോറി  ലൈറ്റ്‌ഫുട്ട് നടത്തിയത്. ജൂൺ 3 ബുധനാഴ്ചയാണ് ഔദ്യോഗികമായി  മൂന്നാം ഘട്ടത്തിലേക്ക് മിഡ്‌വെസ്സ്‌ റീജിയണിലെ പ്രധാന നഗരം കൂടിയായ ചിക്കാഗോ പ്രവേശിക്കുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും റീട്ടെയിൽ സ്റ്റോറുകളും ഈ ഘട്ടത്തിൽ നിബന്ധനകളോടെ തുറക്കും. ചിക്കാഗോ പബ്ലിക്ക് ലൈബ്രറി, പാർക്ക് ഡിസ്ട്രിക്റ്റ് കെട്ടിടങ്ങൾ തുടങ്ങിയവ ജൂൺ 8 മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. ഈ പ്രാഥമിക നടപടികളുടെ ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ ചിക്കാഗോയിലെ പ്രസിദ്ധമായ കായൽ തീരം ഉൾപ്പെടെയുള്ള ജനപ്രീയ സ്ഥലങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കൂ. ബിസിനസുകൾ തിരിച്ചുവരുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള ട്രെയിനുകളിലെയും ബസുകളിലെയും തിരക്ക് കുറക്കുവാനായി വ്യാപാര സ്ഥാപനങ്ങളിലെ സമയക്രമം പുനക്രമീകരിക്കുവാൻ മേയർ ലൈറ്റ്ഫൂട്ട് ആവശ്യപ്പെട്ടു.

അഞ്ചു ഘട്ടങ്ങളിലായുള്ള ചിക്കാഗോയുൾപ്പെടെയുള്ള നഗരങ്ങൾ സ്ഥിതിചെയ്യുന്ന ഇല്ലിനോയി സംസ്ഥാനത്തിന്റെ  തുറക്കലിനുള്ള പദ്ധതികൾ നാളെ ഫേസ് 3 ലേക്ക് പ്രവേശിക്കും. ഇതിന്റെ ഭാഗമായി സലൂണുകളും ജിമ്മുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിബന്ധനകളോടെ തുറക്കപ്പെടും. ഇന്നലെ  ഇല്ലിനോയി സംസ്ഥാനത്തെ മരണ നിരക്ക് 5000 കഴിഞ്ഞു. അമേരിക്കയിലെ മൊത്തത്തിലുള്ള മരണം ഒരു ലക്ഷം പിന്നിട്ടത്തിന്റെ തൊട്ടുപിറകെയാണ്,  ഇന്നലെ (ബുധനാഴ്ച) ഇല്ലിനോയിയുടെ മരണ നിരക്ക് 5000 പിന്നിട്ടത്. ഇലിനോയിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട് 115, 833 ആയിട്ടുണ്ട്. 1527 പേരുടെ കോവിഡ് ഫലമാണ് ഇന്നലെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.