ഹോങ് കോങ്ങിനുള്ള വ്യാപാരപദവി ഇല്ലാതാക്കും: ചൈനയ്‌ക്കെതിരെ യുഎസ്‌

വാഷിങ്ടണ്‍: സാമ്പത്തിക കേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തിന് പിന്നാലെ ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ് കോങ്ങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തുകളയുമെന്ന് യുഎസ്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൂടാതെ യുഎസ് സര്‍വകലാശാലകളിലുള്ള ചില ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

ഹോങ് കോങ്ങിന്റെ രാഷ്ട്രീയ-പൊതു സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് മേഖലയില്‍ പിടിമുറുക്കാനുള്ള ദേശീയ സുരക്ഷാനിയമത്തിന് ചൈന അംഗീകാരം നല്‍കിയതാണ് ട്രംപിനെ പ്രകോപിതനാക്കിയത്.

ഹോങ് കോങ്ങിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വിസ ഫ്രീ യാത്ര എന്നിവയാണ് യു.എസ്. പിന്‍വലിക്കുക.

ഹോങ് കോങ്ങിലേയും ചൈനയിലേയും ലോകത്തേയും ജനങ്ങള്‍ക്ക് ഇതൊരു ദുരന്തമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ചൈനീസ് സൈന്യവുമായി ബന്ധമുള്ള യുഎസ് സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ത്ഥികളെ വിലക്കുന്നതിനും ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനക്ക് ദീര്‍ഘകാല പ്രത്യാഘതം ഉണ്ടാക്കുന്ന നടപടിയുടെ ഭാഗമായിട്ടാണ് ഈ തീരുമാനവും.

കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ചൈനയ്ക്ക് അനുകൂലമായ പക്ഷപാതമുണ്ടെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം യുഎസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ