കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; ഡൽഹി അതിർത്തി ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടും

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുക. എന്നാല്‍ ഇ -പാസ് ഇല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ലെന്നും ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിര്‍ത്തികള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കെജ്രിവാള്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ ഉള്‍പ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കി. ലോക്ഡൗണ്‍ ഇളവുകളുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇവ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. 20,000 ത്തോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 470 പേര്‍ മരിക്കുകയും ചെയ്തു.