ഇത്രത്തോളം യഹോവ സഹായിച്ചു!

ആദി അനിത

‘ഇത്രത്തോളം യഹോവ സഹായിച്ചു’…. ദൈവം ഇത്രത്തോളം കൃപ ചൊരിഞ്ഞൊരു ഗാനം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. എം.ജി ശ്രീകുമാറടക്കമുള്ള എല്ലാ പിന്നണി ഗായകരും ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ആദ്യം പാടുന്നത് ഈ ഗാനമാണ്. ചിത്ര, മാര്‍ക്കോസ്, രാധികാതിലക്. ജോളി എബ്രഹാം, വിജയ് യേശുദാസ് തുടങ്ങി പ്രമുഖ ഗായകരെല്ലാം അച്ചന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. യു ട്യൂബില്‍ ഏതാണ്ട് എട്ട് ലക്ഷത്തിലധികം പേര്‍ ഈ പാട്ട് കേട്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരും ഡൗണ്‍ലോഡ് ചെയ്തവരും അതിലേറെ. ഇതേ പോലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഫാദറിന്റെ മറ്റൊരു പാട്ടാണ് ‘അനാഥനല്ല ഞാന്‍ അനാഥനല്ല…’
കാലമെത്ര കഴിഞ്ഞാലും കഴിവുള്ളവന് മേല്‍ ദൈവം പ്രകാശം ചൊരിയും. അതിന് മുമ്പ് ഒരുപാട് കഷ്ടപാടുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കര്‍ത്താവ് അത്തരക്കാരെ നടത്തിക്കും. അവസാനം അവന്റെ അനുഗ്രഹം അവരില്‍ വര്‍ഷിക്കും. not only our merits but also on his grace. ജാതി, മത ഭേദമന്യേ ഇഷ്ടപ്പെടുന്ന ഈ ഭക്തിഗാനം എഴുതിയതിനും പാട്ട് നിത്യഹരിതമായി നില്‍ക്കുന്നതിനും പിന്നിലൊരു കഥയുണ്ട്. ആ കഥയാണിവിടെ പറയുന്നത്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഡോ. ഡി.ജെ അജിത് കുമാര്‍ എന്ന സി.എസ്.ഐ പുരോഹിതന്‍ തന്റെ ഇടവകയിലെ ക്വയര്‍ ഗ്രൂപ്പിന് വേണ്ടി എഴുതി, ട്യൂണ്‍ ചെയ്ത് പാടിയ ഗാനമാണിത്. അച്ചന്റെ കൂടെ ഈ പാട്ട് പാടിയ കുരുന്നുകള്‍ ഇന്ന് അമ്മമാരായി. എന്നിട്ടും പാട്ടിന്റെ പോപ്പുലാരിറ്റി കുറയുന്നില്ല. പാട്ട് എഴുതുകയും സംഗീതം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അച്ചന് കാസറ്റ് ബിസിനസിലൊന്നും താല്‍പര്യമില്ല. ജീവിതാനുഭവങ്ങളെ ബൈബിളുമായി കോര്‍ത്തിണക്കിയാണ് അദ്ദേഹം പാട്ടെഴുതുന്നത്. അതാണ് ഗാനങ്ങളുടെ ശക്തിയും. എഴുതിയ പല പാട്ടുകളും പലരും പല രീതികളില്‍ പാടുന്നുണ്ട്. ചിലര്‍ പാട്ടുകളുടെ രീതിയില്‍ വേറെ പാട്ടുകള്‍ ഇറക്കുന്നുണ്ട്. അതിലൊന്നും അച്ചന് യാതൊരു പരാതിയുമില്ല, പരിഭവവുമില്ല. എല്ലാം കര്‍ത്താവ് തമ്പുരാന് വേണ്ടിയാണ്.

ഹാഗറിനെ പോലെ കരഞ്ഞു ….

ബൈബിളില്‍ അച്ചന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ ഹാഗറും യാക്കോബുമാണ്. ‘ഹാഗനിറെ പോലെ ഞാന്‍ കരഞ്ഞു, യാക്കോബിനെ പോലെ കരഞ്ഞു’ എന്നെഴുതിയത് അവരുടെ ജീവതത്തിലെ പ്രതിസന്ധികള്‍ മനസിലാക്കിയിട്ടാണ്. അവരെ പോലെ കഷ്ടതകള്‍ ഏറെ അനുഭവിച്ചയാളാണ് ഫാദര്‍. യജമാനനാല്‍ ഗര്‍ഭം ധരിക്കേണ്ടി വന്ന ഹാഗര്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. യജമാനന്‍ അവളെ ഉപേക്ഷിച്ച ശേഷം വീട്ടില്‍ നിന്നും ആട്ടിപ്പായിക്കുന്നു. മണ്‍ഭരണിയില്‍ കുറച്ച് വെള്ളവും കുറച്ച് അപ്പക്കഷണങ്ങളും കൊടുത്ത് അവളെ ദര്‍സേബ മരുഭൂമിയിലേക്ക് ഇറക്കി വിട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണവും വൈള്ളവും തീര്‍ന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് മരുഭൂമിയില്‍ അലയുന്ന അവളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.

അവളോട് നീ എന്തിനീ മരുഭൂമിയിലലയുന്നു, വീട്ടിലേക്ക് തിരികെ പോകണം- കര്‍ത്താവ് പറഞ്ഞു. തളര്‍ന്ന് വീണ ഹാഗറിന് മുന്നില്‍ യേശു ജീവജലം തുറന്നു. ജീവിതമാകുന്ന മരുഭൂമിയില്‍ ഹാഗറിനെ പൊലെ ഫാദര്‍ അജിത് കുമാറും ഒരുപാട് അലഞ്ഞിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദവും ഡോക്ടറേറ്റും ഉണ്ടായിട്ടും ഒന്നുമാകാതെ, അവഗണനയുടെ പടുകുഴിയില്‍ വീണിട്ടുണ്ട്. ഒന്‍പത് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് നയിച്ചത്. അതുകൊണ്ടാണ് ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നത്.

യാക്കോബിനെ പോലെ അലഞ്ഞു….

സഹോദരനുമായി പിണങ്ങിയ യാക്കോബ് അയാളെ കൊല്ലാന്‍ തീരുമാനിച്ചു. പിന്നീട് മാതാപിതാക്കള്‍ യാക്കോബിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. നാടും വീടും വിട്ട് അയാള്‍ അലഞ്ഞു. ദിക്കും ദിശയും അറിയാതെ കരഞ്ഞ് തളര്‍ന്നിരുന്ന യാക്കോബിന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു, അവനെ അനുഗ്രഹിച്ചു. എന്നിട്ടൊരു പേര് നല്‍കി, ഇസ്രായേല്‍. ആ ഇസ്രായേലിന്റെ മക്കളാണ് ഇസ്രായേല്‍ ജനത. ജീവിതപ്പാതയില്‍ കലിടറിയ യാക്കോബിനെ യേശു തിരികെ കൊണ്ടുവന്നത് പോലെ ഫാദര്‍ അജിത് കുമാറിനെയും കൊണ്ടുവന്നു. ഈ അനുഭവങ്ങളെല്ലാമാണ് ഭക്തിഗാനധാരയായി വിടര്‍ന്നത്.

പ്രവാസികളുടെ സങ്കീര്‍ത്തനം

പ്രവാസലോകത്ത് ഈ പാട്ട് എത്തിയതോടെയാണ് പോപ്പുലറായത്. ‘ഏകനായി നിന്യനായി പരദേശിയായി നാടും വീടും വിട്ട് ഞാനലഞ്ഞപ്പോള്‍’ എന്ന വരി എല്ലാ പ്രവാസി മലയാളിയുടെയും ഹൃദയത്തില്‍ ആഴ്ന്നിറങ്ങി. ജീവിതവും ആത്മീയതയും ഇഴപിരിച്ചെടുത്ത ഇത്തരം വരികളാണ് ഈ പാട്ടിന്റെ ശക്തി. ഒരിക്കല്‍ അമേരിക്കയില്‍ ഗാനമേളയ്ക്ക് ചെന്ന എം.ജി ശ്രീകുമാറിനോട് സ്‌പോണ്‍സര്‍ ആദ്യം ഒരു ക്രിസ്തീയ ഭക്തിഗാനം പാടണമെന്ന് ആവശ്യപ്പെട്ടു. ശ്രീകുമാര്‍ ഒരു ക്രിത്യന്‍ ഗാനവും റിഹേഴ്‌സല്‍ നടത്തിയിട്ടില്ലായിരുന്നു. എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു. അന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ ഭക്തിഗാനം വല്ലതുമുണ്ടോന്ന് ചോദിച്ചു. ഇല്ല ഇത് ടാക്‌സിയാണെന്ന് പറഞ്ഞു.

പക്ഷെ, ശ്രീകുമാര്‍ ടാക്‌സിയുടെ ഡാഷ് ബോക്‌സ് മുഴുവന്‍ തപ്പിയപ്പോള്‍ കവറൊന്നുമില്ലാത്ത ഒരു കാസറ്റ് കിട്ടി. അതിട്ടപ്പോള്‍ ആദ്യം കേട്ടത് ‘ഇത്രത്തോളം യഹോവ സഹായിച്ചു’… എന്ന ഗാനമാണ്. വല്യ സന്തോഷമായി. പിന്നെ എല്ലാ ഗാനമേളകളും തുടങ്ങിയത് ഈ പാട്ടോടെയായിരുന്നു. ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ വെച്ച് ഈ പാട്ട് എഴുതിയത് ആരാണെന്ന് അറിയില്ലെന്ന് എം.ജി ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ ഫാദര്‍ അജിത്തിന്റെ സഭയിലുള്ളവര്‍ എം.ജി ശ്രീകുമാറിനെ വിളിച്ച് കാര്യം പറഞ്ഞു. മാത്രമല്ല വിശദമായ വിവരങ്ങളും കാസറ്റും സഹിതം എം.ജി ശ്രീകുമാറിന് കത്തെഴുതി. അപ്പോഴാണ് എം.ജി അറിയുന്നത് താന്‍ ഈ പാട്ട് ഒകു കാസറ്റിന് വേണ്ടി പാടിയിട്ടുണ്ടെന്ന്. അടുത്ത ദിവസത്തെ സ്റ്റാര്‍ സിംഗറില്‍ വെച്ച് എം.ജി തനിക്ക് പറ്റിയ തെറ്റ് തുറന്ന് പറഞ്ഞു.

അടുത്ത ദിവസം എം.ജി ഫാദര്‍ അജിത്കുമാറിനെ വിളിച്ച് ക്ഷമചോദിച്ചു. തന്റെ ജീവിതത്തില്‍ ഇത്രത്തോളം സ്വാധീനച്ച വേറൊരു ഗാനമില്ലെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എം.ജി ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യം ഇറക്കിയ കാസറ്റില്‍ ഫാദര്‍ തന്നെയാണ് പാടിയതെങ്കിലും പിന്നീട് എം.ജി ശ്രീകുമാറിനെ കൊണ്ട് പാടിച്ച് കാസറ്റിറക്കിയിരുന്നു. പിന്നീട് ഫാദറിന്റെ പല കാസറ്റുകളിലും എം.ജി സ്ഥിരം സാനിധ്യമായി. ഒരുക്കല്‍ ഖത്തറില്‍ നിന്ന് ഒരു മലയാളി കുടുംബം എം.ജി ശ്രീകുമാറിനെ വിളിച്ച് പറഞ്ഞു. ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്ന അവരുടെ അമ്മച്ചി ഈ പാട്ട് നിരന്തരം കേട്ട് സുഖംപ്രാപിച്ചെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പല അനുഭവങ്ങള്‍ പലരും ഫാദര്‍ അജിത്തിനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പാട്ട് പിറന്ന വഴി

1998 ജനുവരി 24ന് കോന്നിയിലുള്ള കെ.ജെ ചെറിയാന്റെ വീട്ടില്‍ വെച്ചാണ് ‘ഇത്രത്തോളം യഹോവ സഹായിച്ചു’…. എന്ന ഗാനം പിറന്നത്. പത്തനംതിട്ടയില്‍ സുവിശേഷത്തിനെത്തിയതായിരുന്നു ഫാദര്‍ അജിത് കുമാര്‍. അന്ന് രാത്രി ഇത്രത്തോളം യഹോവ സഹായിച്ചു എന്ന വിഷയത്തിലുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു. സന്ദേശം തയ്യാറാക്കുന്നതിനിടെ ജീവിത്തില്‍ പിന്നിട്ട വഴികളില്‍ അനുഭവിച്ച കണ്ണുനീരും കഷ്ടപ്പാടും മനസില്‍ തെളിഞ്ഞ് വന്നു. മാനസിക പീഡനങ്ങളും തകര്‍ന്ന ജീവിതാനുഭവങ്ങളുമായി ലക്ഷ്യമില്ലാതെ നടന്ന നാളുകള്‍. നിന്ദയുടെയും സാമ്പത്തികത്തകര്‍ച്ചയുടെയും പേരില്‍ നിരാശനായി വീട്ടില്‍ നിന്നും ഏകനായി പരദേശിയായി ഇറങ്ങിപ്പോയ ദിനങ്ങള്‍…. ഇവിടെയെല്ലാം ദൈവം നടത്തിയ അനുഭവങ്ങള്‍ കൊടുങ്കാറ്റുപോലെ മനസില്‍ ആഞ്ഞടിച്ചു. ആ നിമിഷമാണ് ‘ഇത്രത്തോളം’… എന്ന ഗാനം പിറന്നത്. പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ബന്ധുവിനെ പാടിക്കേള്‍പ്പിച്ചു. അടുത്ത ദിവസം സുവിശേഷത്തിന് ഈ ഗാനം പാടി. തിരുവല്ലയിലുള്ള റിവൈവല്‍ ചര്‍ച്ചുകാര്‍ അത് റെക്കോഡ് ചെയ്ത് സി.ഡിയാക്കി. അതിന് ശേഷമാണ് തിരുവനന്തപുരത്ത് റെക്കോഡ് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ ഭാഷകളിലേക്ക് ഈ പാട്ട് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ആത്മീയ ഭവനം

ആത്മീയ ഭവനത്തിലാണ് കുഞ്ഞ് അജിത്കുമാര്‍ പിറന്നത്. ഡെന്നിലന്‍- ജെയ്‌നി ദമ്പതികളുടെ ഒന്‍പതാമത്തെ മകന്‍. ബാല്യകാലം കഷ്ടതകളുടെയും കഠിന രോഗത്തിന്റെയും തീച്ചൂളയായിരുന്നു. ജനിച്ച് ഏഴാം ദിവസം ഗുരുതരമായ രോഗം പിടിപെട്ടു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഇതേ രോഗം ബാധിച്ചായിരുന്നു മരിച്ചത്. ഇതോടെ മാതാപിതാക്കള്‍ അങ്കലാപ്പിലായി. കുഞ്ഞിന് സൗഖ്യം ലഭിച്ചാല്‍ 90 ദിവസം പ്രായമാകുമ്പോള്‍ തങ്ങള്‍ 40 ദിവസത്തെ ഉപവാസം എടുത്ത് കുഞ്ഞിനെ ദൈവ വേലയ്ക്കായി സമര്‍പ്പിക്കാമെന്ന് മാതാപിതാക്കള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. തൊണ്ണൂറ് ദിവസം പിന്നിടുന്നതിന്റെ തലേന്നാള്‍, തിളച്ച കഞ്ഞി അടുപ്പില്‍ നിന്ന് മാറ്റുമ്പോള്‍ കലം തെന്നി വീണ് മാതാവിന്റെ ശരീരമാകെ പൊള്ളി. അതോടെ കുഞ്ഞിന് പാല് പോലും കൊടുക്കാനാകാത്ത അവസ്ഥയിലായി. അയല്‍പക്കത്തുള്ള നായര്‍ യുവതിയാണ് പിന്നെ മുലപ്പാല്‍ നല്‍കിയത്.

രോഗം ഭേദമായ മാതാവ് 40 ദിവസം ഉപവാസമെടുത്തു. മാതാവിന്റെ കണ്ണീരും പ്രാര്‍ത്ഥനയും കണ്ട അജിത്കുമാറിന്റെ മനസില്‍ ചെറിയ പ്രായത്തിലേ സുവിശേഷത്തിന്റെ വിത്ത് മുളച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജില്‍ ബി.ടെക്കിന് പഠിക്കുമ്പോഴും സുവിശേഷ വേലയില്‍ സജീവമായി. പി.എച്ചിഡിയും എടുത്തിട്ടുണ്ട്. ഇപ്പോള്‍ ജീവിതം തന്നെ സുവിശേഷമാക്കി കഴിയുന്നു.

ഗാനരചന- ഫാ. ഡോ. ഡി.ജെ അജിത്കുമാര്‍
സംഗീതം- ഫാ. ഡോ. ഡി.ജെ അജിത്കുമാര്‍
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)

ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാന്‍ അലഞ്ഞപ്പോള്‍ (2)
മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (2)
സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)

കണ്ണുനീരും ദു:ഖവും നിരാശയും
പൂര്‍ണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതര്‍ മധ്യേ ആര്‍ത്ത്പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2)
ഏബനേസര്‍ (8)
(ഇത്രത്തോളം)