സ്ഥിതി അതീവ ഗുരുതരം, പള്ളി കത്തിച്ചു, ട്രംപിന്റെ വാഹനത്തിന് നേരെയും പ്രതിഷേധക്കാര്‍

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധം അമേരിക്കയില്‍ ആളിക്കത്തുന്നു. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിനടുത്തുള്ള പള്ളിക്ക് തീയിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് അടുത്തുവരെ പ്രതിഷേധക്കാര്‍ പാഞ്ഞെത്തി.

യുഎസില്‍ 140 നഗരങ്ങളില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷങ്ങളും നടക്കുകയാണ്. 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. ന്യൂയോര്‍ക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ട്രക്ക് ഓടിച്ചു കയറ്റാന്‍ ശ്രമമുണ്ടായി.. പ്രതിഷേധ പ്രകടനങ്ങള്‍ പലതും അക്രമാസക്തമായി, അക്രമികള്‍ കടകള്‍ കൊള്ളയടിച്ചു. 4000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

വൈറ്റ്ഹൗസ് സമുച്ചയത്തില്‍ അതീവ സുരക്ഷാ മുന്നറിയിപ്പു നല്‍കി. തീയിട്ട സെന്റ് ജോണ്‍സ് പള്ളിയിലേക്ക് വൈറ്റ് ഹൗസില്‍നിന്ന് പ്രസിഡന്റ് ട്രംപ് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ നിന്നു. പളളി കത്തിച്ചതിനെ ഭീകരപ്രവര്‍ത്തനത്തോട് ഉപമിച്ച ട്രംപ് പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്നു വ്യക്തമാക്കി. യു.എസില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണെന്നും ട്രംപ് പ്രതികരിച്ചു.നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന് ട്രംപ് ഓര്‍മപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ പള്ളിയാണ് സെന്റ് ജോണ്‍സ്. പള്ളിയ്ക്ക് മുന്‍പില്‍ ഉയര്‍ത്തിയിരുന്ന അമേരിക്കന്‍ പതാക സമീപത്തു നിന്നും കണ്ടെത്തി.’വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷനല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച്‌ പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറഞ്ഞു.