ലോക്ക്ഡൗൺ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവൻ ശമ്പളവും നൽകണം :കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ഉത്തരവ് നില നില്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
സുപ്രീംകോടതിയില്‍.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളിലെ തൊഴിലാളികളുടെയും ശമ്പള ജീവനക്കാരുടെയും സാമ്പത്തിക ഞെരുക്കം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് സാമ്പത്തികമായി തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മാര്‍ച്ച് 29ലെ ഉത്തരവ് സ്ഥിരമായ ഒന്നല്ല. ഇപ്പോഴത് പിന്‍വലിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തേക്ക് വേണ്ടി മാത്രമാണ് അത്തരമൊരു ഉത്തരവിറക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ അവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തെളിയികേണ്ടതാണെന്നും ഇതിനായി കമ്പനികളുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൊതുജന നന്മയെ കരുതിയാണ് നടപടി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്‌വാങ്മൂലം പറയുന്നു.