വിദ്യാര്‍ത്ഥിനിയുടെ മരണം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കോട്ടയം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്റെ ഇടപെടല്‍.

സംഭവത്തില്‍ എം.ജി. സര്‍വകലാശാല ബിഎംവി ഹോളിക്രോസ് കോളേജില്‍നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്.

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിവിഎം കോളേജിലേക്ക് മാര്‍ച്ച് നടത്തി.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതാവുകയായിരുന്നു.

അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും കഴിഞ്ഞദിവസം മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.