അണ്‍ലോക്ക് 1.0: കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നു മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഇന്നുമുതല്‍ ഹാജരാകണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ സ്ഥാപനങ്ങളില്‍ ജില്ലക്കുള്ളിലെ കുറച്ചു ജീവനക്കാര്‍ ഹാജരായാല്‍ മതി. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ളവരും ഏഴുമാസം ഗര്‍ഭിണികളായവരും വര്‍ക്ക് ഫ്രം ഹോം വഴി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി.

ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജീവനക്കാര്‍, അ‌ഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍, 65 വസിനുമേല്‍ പ്രായമുള്ള രക്ഷിതാക്കളുള്ള ജീവനക്കാര്‍ എന്നിവരെ പൊതുജനങ്ങളുമായി സമ്ബര്‍ക്കത്തില്‍ വരുന്ന ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവില്‍ സ്പെഷ്യല്‍ ലീവ് ബന്ധപ്പെട്ട മേലധികാരികള്‍ക്ക് അനുവദിക്കാവുന്നതാണ്.പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളില്‍ ഹാജരാകാന്‍ കഴിയാതിരുന്ന ജീവനക്കാര്‍ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഏതെങ്കിലും ജീവനക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അതത് ജില്ലകളില്‍ അനുപേക്ഷണീയമാണെന്ന് ജില്ലാ കളക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം അവര്‍ക്ക് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ അവിടെ തുടരാവുന്നതാണെന്നും നിര്‍ദേശമുണ്ട്.