കൊവിഡ് കാലത്തെ നിസ്വാർത്ഥ സേവനം; മലയാളി നഴ്‌സിനും വിദ്യാർത്ഥിക്കും നന്ദി അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ

കൊറോണ മഹാമാരിക്കിടെ രാജ്യത്തിനായി നിസ്വാർത്ഥ സേവനം കാഴ്ചവെച്ച മലയാളി നഴ്‌സ് ഷാരോൺ വർഗീസിനേയും ബംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥി ശ്രേയസ് ശ്രേഷ്ഠിനേയും അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റും ഡേവിഡ് വാർണറുമാണ് ഇരുവർക്കും അഭിന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയത്.

ദ ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷന്റെ (ഓസ്‌ട്രേഡ്) ട്വിറ്റർ ഹാൻഡിലിലാണ് ഇരുവരുടെയും അഭിനന്ദന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിയും നഴ്‌സുമായ കോട്ടയം സ്വദേശി ഷാരോൺ വർഗീസാണ് അഭിനന്ദനത്തിന് പാത്രമായത്.

വൊല്ലോങ്‌ഗോങ് സർവകലാശാല വിദ്യാർത്ഥിയായ ഷാരോൺ കൊവിഡ്19 രോഗികളെ ശ്രുശ്രൂഷിക്കാനായി രംഗത്തുവന്നിരുന്നു. ഷാരോണിന്റെ നിസ്വാർഥ സേവനത്തിന് എല്ലാ ഓസ്‌ട്രേലിയക്കാർക്കും വേണ്ടി താൻ നന്ദിയറിയിക്കുന്നതായി ഗിൽക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യ ഒട്ടാകെയും മാതാപിതാക്കളും ഷാരോണിന്റെ പ്രവൃത്തിയുടെ പേരിൽ അഭിമാനിക്കുമെന്നും ഗില്ലി പറഞ്ഞു.കൊവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥി ശ്രേയസ് ശ്രേഷ്ഠിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് ഓസീസ് ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറായിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ശ്രേയസ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നതിനായി സർവകലാശാല തയ്യാറാക്കിയ പദ്ധതിയിലെ അംഗമായിരുന്നു ശ്രേയസ്.അവന്റെ ഈ പ്രവർത്തനങ്ങളിൽ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകുമെന്ന് വാർണർ പറഞ്ഞു. ഇനിയും ഇത്തരം മഹത്തായ പ്രവർത്തനങ്ങൾ തുടരാനും ആവശ്യപ്പെട്ടാണ് വാർണർ വീഡിയോ അവസാനിപ്പിക്കുന്നത്.