സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ ബോളിവുഡ്. നടന്‍ അക്ഷയകുമാര്‍, റിതേഷ് ദേശ്മുഖ്, അനുരാഗ് കശ്യപ്, തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരും മലയാളി താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത്.

മുംബൈയിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്.പിന്നീട് ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ടു.

ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ സുശാന്ത് സിങിന്റെ മികച്ച ചിത്രമാണ്. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.