സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം; ഒരാഴ്ചക്കിടെ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 21 പേര്‍ക്ക്

കൊവിഡ് സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 21 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും, അഗ്‌നിശമന സേന ഉദ്യോഗസ്ഥനും, വിവിധ വകുപ്പുകളിലെ ജീവനക്കാരും മുതല്‍ വിമാനത്താവള മാനേജര്‍ വരെയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ജില്ലയില്‍ ആകെ 32 പേര്‍ക്കാണ് ഇത് വരെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റാന്‍ഡം സാംപ്ലിംഗിലാണ് മിക്ക സമ്പര്‍ക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

റാന്‍ഡം സാംപ്ലിംഗില്‍ ഉള്‍പ്പെടാത്ത ഒട്ടേറെ പേര്‍ രോഗ വാഹകരാകാം എന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. അതിനാല്‍ മാസ്‌ക് ധരിക്കുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിലും പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.