നേപ്പാളിനെ ഇന്ത്യക്കെതിരാക്കുന്നു; നേപ്പാളിലെ ഒരു ഗ്രാമം കൈയ്യടക്കി ചൈന

ന്യൂഡല്‍ഹി: നേപ്പാളിലെ ഒരു ഗ്രാമത്തെ ചൈന കയ്യടക്കിയെന്ന് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചുവെന്നും മേഖല തങ്ങളുടെ അധീനതയിലാണെന്നു സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് നേപ്പാളിന്റെ ഗ്രാമം ചൈന പിടിച്ചടക്കിയെന്ന് വാര്‍ത്ത പുറത്ത് വരുന്നത്. നേപ്പാളിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉള്‍റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും അവസാനമായി ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമമാണ് ചൈനയുടെ നിയന്ത്രണത്തിനു കീഴില്‍ വന്നത്. ‘ഇടപെടില്ലെന്ന നയതന്ത്രനിലപാടില്‍നിന്നു പിന്നോട്ടുപോയ ചൈന, റുയി ഗ്രാമം പൂര്‍ണമായി പിടിച്ചെടുത്തിരിക്കുകയാണ്. റുയി ഗ്രാമത്തെക്കൂടാതെ, ചൈന നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ചൈനയുടെ കൈവശമുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റുയി ഗ്രാമം ചൈന കൈപ്പിടിയിലൊതുക്കിയത്.ഈ ഗ്രാമം നേപ്പാളിന്റെ ഭൂപടത്തിലുണ്ട്, മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്.