ഗ്രീന്‍കാര്‍ഡുകളും ജോലി വീസകളും ഈ വര്‍ഷത്തേക്ക് അമേരിക്ക സസ്‌പെന്റ് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള വിദഗ്ധ, ഇടക്കാല തൊഴിലാളികളുടെ നിയമം ഈ വര്‍ഷം അവസാനം വരെ വിലക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡുകള്‍, എച്ച്‌-1ബി, എച്ച-2ബി, എല്‍, എച്ച്‌-4 തുടങ്ങി എല്ലാ വീസകളുമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിലക്ക് ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സംബന്ധിച്ച ഉത്തരവ് വന്നത്.

കമ്ബനിക്കുള്ളില്‍ രാജ്യാന്തര തലത്തില്‍ സ്ഥലംമാറ്റത്തിന് ഉപയോഗിക്കുന്ന എല്‍1 വീസകള്‍ക്കും ഡോക്ടര്‍മാരും ഗവേഷകരും ഏറെ ആശ്രയിക്കുന്ന ജെ1 വീസകള്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നവര്‍ക്ക് വിലക്ക് ബാധകമാവില്ല.

എന്നാല്‍ നിലവില്‍ ഈ വീസയില്‍ അമേരിക്കയില്‍ എത്തിയവര്‍ക്ക് വിലക്ക് ബാധകമാവില്ല. അമേരിക്കയില്‍ ബിരുദം നേടിയ ശേഷം വിദേശ വിദ്യാര്‍ത്ഥികളുടെ യോഗ്യതയ്ക്ക് മാനദണ്ഡമായ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒപിടി)യ്ക്കും ഇത് ബാധകമായിരിക്കില്ല.

ഡിസംബര്‍ 31 വരെയാണ് ഈ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി അമേരിക്കയില്‍ 5,35,000 ജോലികള്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് തന്നെ ലഭിക്കും. ഔട്ട്‌സോഴ്‌സിംഗ് ജോലികള്‍ക്കുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുന്നതാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ ജോലികള്‍ക്ക് അമേരിക്കന്‍ പൗരന്മാര്‍ നേരിടുന്ന എല്ലാ മത്സരങ്ങളും ഇതോടെ ഇല്ലാതാകും.