ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ വിവാഹമോചിതയായി

മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുവദിച്ച് സുപ്രീംകോടതി ഉത്തരവായതിന് പിന്നാലെ ആദ്യമായി മല ചവിട്ടിയ കനക ദുർഗ വിവാഹമോചിതയായതായി റിപ്പോർട്ട്. ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദർശനത്തിനെത്തി ഏറെ വിവാദം സൃഷ്ടിച്ച വ്യക്തിയാണ് കനക ദുർഗ. ശബരിമല ദർശനവുമായി ബന്ധപ്പെട്ട വിവാദം കുടുംബത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഒടുവിൽ വിവാഹ മോചനത്തിൽ കലാശിച്ചതെന്നാണ് സൂചന.

അതേസമയം, വിവാഹമോചനത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കനക ദുര്ഗയ്ക്ക് ഭർത്താവ് നൽകിയെന്നും റിപ്പോർട്ടുണ്ട്. വിവാഹമോചനക്കേസ് തീർപ്പായതോടെ ഭർതൃവീട്ടുകാർക്കെതിരെ കനകദുർഗ നൽകിയിരുന്ന കേസുകൾ എല്ലാം പിൻവലിക്കുകയും ഭർത്താവിന്റെ വീട്ടിൽ നിന്ന് താമസം മാറുകയും ചെയ്തു.

ശബരിമല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ തന്നെ ഭർത്താവിന്റെ അമ്മ തലയ്ക്ക് അടിച്ചതായും ഉപദ്രവിച്ചതായും കനകദുർഗ ആരോപിച്ചിരുന്നു. വീട്ടുകാരുമായി പിണങ്ങിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഭർത്താവ് കൃഷ്ണനുണ്ണി. എന്നാൽ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കനകദുർഗയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. ഇതോടെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും ഇവിടെ നിന്നും താമസം മാറി. പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടിൽ പോലീസ് സംരക്ഷണയിൽ ഒറ്റക്കായിരുന്നു കനകദുർഗ്ഗ ഏറെ നാളായി താമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ