ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം : ദേശീയ സംസ്ഥാന പാതകളില്‍ മദ്യവില്പനശാലകള്‍ക്കു സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള 110 ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) നടപടി തുടങ്ങി. ഒരു മാസത്തിനകം എല്ലാ ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് ബെവ്‌കോ എം.ഡി. എച്ച്. വെങ്കിടേഷ് പാലക്കാട് കൊടുവായൂരിലെ ഔട്ട്‌ലെറ്റ് എട്ടന്നൂരിലേക്കു മാറ്റി. സുപ്രീംകോടതിയുടെ വിധിപകര്‍പ്പ് സര്‍ക്കാര്‍ നിയമവകുപ്പിനു കൈമാറിയതിനു പിന്നാലെയാണ് ഈ നീക്കം.

പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതു പ്രായോഗികമല്ലാത്തതിനാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനു സമ്മര്‍ദ്ദം ചെലുത്താന്‍ നേരത്തെ ബെവ്‌കോ ശ്രമിച്ചിരുന്നു. ബെവ്‌കോയുടെ 270 മദ്യവില്പന കേന്ദ്രങ്ങളില്‍ പാതയോരത്തെ 110 മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ലെന്നും ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യേണ്ടി വരുമെന്നും പറഞ്ഞു സമ്മര്‍ദ്ദം ചെലുത്താനായിരുന്നു നീക്കം. ചെറിയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഈ വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നു കാട്ടി പുനഃപരിശോധനാ ഹര്‍ജിയിലൂടെ കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിധിക്ക് അനൂകൂലമായ നിലയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു നീക്കമുണ്ടായ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം തുടങ്ങിയത്. മാറ്റി സ്ഥാപിക്കേണ്ട മുഴുവന്‍ മദ്യവില്പന കേന്ദ്രങ്ങളുടെയും പട്ടിക ഉടന്‍ തയ്യാറാക്കി നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ദേശീയപാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനായി പകരം സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു ബെവ്‌കോ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനു മിക്ക സ്ഥലത്തും പ്രാദേശിക എതിര്‍പ്പുള്ളതു കോര്‍പ്പറേഷനു പ്രതികൂല ഘടകമാണ്.

ഉചിത സ്ഥലം ലഭിച്ചില്ലെങ്കില്‍ പല മദ്യശാലകളും പൂട്ടേണ്ടി വരുമെന്നും സൂചനയുണ്ട്. ബെവ്‌കോയ്ക്കു പുറമേ കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്പന കേന്ദ്രങ്ങളില്‍ പകുതിയിലേറെയും മാറ്റി സ്ഥാപിക്കേണ്ടി വരും. നാന്നൂറോളം ബിയര്‍-വൈന്‍ പാര്‍ലറുകളെയും പത്തു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെയും വിധി ബാധിക്കും. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പലതും പൂട്ടിപ്പോകാനാണ് സാധ്യതയെന്ന് എക്‌സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ, സംസ്ഥാന, പാതയോരത്തെ മദ്യശാലകള്‍ക്ക് അടുത്ത മാര്‍ച്ച് 31-ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ്് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള മദ്യവില്പനശാലകള്‍ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ഇറക്കിയ സര്‍ക്കുലറും വിവിധ ഹൈക്കോടതികളുടെ ഉത്തരവുകളും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.