ഫുട്‌ബോള്‍ താരം മാരിയോ ഗോമസ് വിരമിച്ചു

ഒരു പതിറ്റാണ്ടോളം ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്‌ട്രൈക്കര്‍ മാരിയോ ഗോമസ് വിരമിച്ചു.

ബുന്ദസ്ലിഗയില്‍ 13നു ദാംഷട്ടിനോടു പരാജയപ്പെട്ട കളിയില്‍ വിഎഫ്ബി സ്റ്റുട്ഗര്‍ട്ടിന്റെ ഏകഗോള്‍ നേടിയ ഗോമസ് പിന്നാലെ കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് നേരത്തേ വിരമിച്ച മുപ്പത്തിനാലുകാരനായ ഗോമസ് ജര്‍മന്‍ ക്ലബ്ബുകളായ ബയണ്‍ മ്യൂനിക്ക്, വോള്‍വ്‌സ്ബര്‍ഗ്, സ്റ്റുട്ഗര്‍ട് എന്നിവയ്ക്കു പുറമേ ഇറ്റാലിയന്‍ ക്ലബ് ഫിയോറന്റീനയിലും കളിച്ചിട്ടുണ്ട്.

600 മത്സരങ്ങളില്‍ നിന്ന് 319 ഗോളുകളും 72 അസിസ്റ്റുകളും ഗോമസിന്റെ പേരിലുണ്ട്. മാത്രമല്ല ജര്‍മനിക്കായി 78 കളിയില്‍ 31 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.