ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ല; ജോസ് കെ മാണി

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി എം.പി. യുഡിഎഫില്‍ നിന്നും ഇപ്പോള്‍ വന്നത് രാഷ്ട്രീയ തിരുത്തല്‍ അല്ല. സാങ്കേതിക തിരുത്തല്‍ മാത്രമാണ്. എന്തുതെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ.മാണി.

ഇനി യുഡിഎഫുമായി ചര്‍ച്ചയില്ലെന്നും ജോസ്.കെ. മാണി കൂട്ടിച്ചേര്‍ത്തു. ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന വാദം തെറ്റാണെന്നാണ് യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞിരുന്നു.
യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്നുമാണ് രമേശ് ചെന്നിത്തല നേരത്തെ വിശദീകരിച്ചത്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. കേരള കോണ്‍ഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.