ഗള്‍ഫ് വ്യവസായി സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നറിയുന്നു

തമ്പിയുടെ രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കുന്നു 

കോണ്‍ഗ്രസിലെ ഒരു പ്രമുഖ കുടുംബവുമായി ബന്ധമെന്ന് ആരോപണം

ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ചെയര്‍മാനുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വെള്ളിയാഴ്ച വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ചെന്നൈയില്‍ ചോദ്യം ചെയ്തതായി ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുഡ്ഗാവില്‍ 400 ഏക്കറിലധികം കൃഷിഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ ചോദ്യം ചെയ്തതെന്നറിയുന്നു. യു.എ.ഇയിലും കേരളത്തിലും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് സി.സി. തമ്പി.

വിദേശനാണ്യ ചട്ട ലംഘനത്തിനു പുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ തമ്പിയുടെ സ്ഥാപനങ്ങളിലൂടെ നടന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കരുതുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നുണ്ട്. 2010-ല്‍ സി.ബി.ഐ ചില എഞ്ചിനീയറിംഗ് കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് തമ്പിയെ ചോദ്യം ചെയ്തിരുന്നു.

രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് തമ്പി. റിയല്‍ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിംഗ് കോളേജുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വ്യവസായ സംരംഭങ്ങളില്‍ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്. ‘എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുമ്പാകെ ഹാജരാകാന്‍ തമ്പിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരള ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങാന്‍ തമ്പി ശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.’

കേന്ദ്രധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട് തമ്പിയുടെ നിക്ഷേപങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.