21 മിഗ് 29, 12 സുഖോയ്30; യുദ്ധ വിമാനങ്ങള്‍ വര്‍ധിപ്പിച്ച് ആയുധ ശേഖരം കൂട്ടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആയുധ ശേഖരം വര്‍ധിപ്പിക്കാന്‍ നടപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. 33 യുദ്ധവിമാനങ്ങള്‍ കൂടി വ്യോമസേനയ്ക്കു ലഭ്യമാക്കും.21 മിഗ് 29, 12 സുഖോയ് 30 യുദ്ധവിമാനങ്ങള്‍ അതിവേഗം വാങ്ങാനുള്ള അനുമതിയാണു സേനയ്ക്കു മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതിനായി 18,148 കോടി രൂപ അനുവദിച്ചു.

പാക്കിസ്ഥാന്‍, ചൈന ഭീഷണികള്‍ ഫലപ്രദമായി നേരിടാന്‍ കെല്‍പുള്ള കരുത്തുറ്റ യുദ്ധവിമാനങ്ങളാണ് ഇവ. ഇതിനു പുറമെ 59 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കും. മിഗ് 29 വിമാനങ്ങള്‍ റഷ്യയില്‍ നിന്നു വാങ്ങും. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണ് സുഖോയ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്.അസ്ത്ര മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയും വാങ്ങും. ആകെ 38,900 കോടി രൂപയുടെ ഉപകരണങ്ങള്‍ പ്രതിരോധ സേനകള്‍ക്കു ലഭ്യമാക്കും. സമീപകാലത്ത് മന്ത്രാലയം നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ സംഭരണമാണിത്.