ടിക്ക് ടിക്ക് ആപ്പുണ്ട്; പുത്തന്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ഥി

തിരുവനന്തപുരം: ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ സ്വന്തമായി ആപ്പിറക്കി ശ്രദ്ധേയനായി മലയാളി വിദ്യാര്‍ഥി. ടിക്ക് ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികം പേരാണ്.

എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ ആശിഷ് സാജനാണ്(23) ടിക്ക് ടിക്ക് ആപ്പിന് പിന്നില്‍. സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പില്‍ ചാറ്റിംഗ് സൗകര്യവുമുണ്ട്. കൂടുതല്‍ ആളുകള്‍ ടിക്ക് ടിക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കൂടുതല്‍ വ്യത്യസ്ത ഫീച്ചറുകള്‍ ടിക്ക്ടിക്കില്‍ ഉള്‍പ്പെടുത്താനാണ് ഈ യുവ സംരംഭകന്റെ തീരുമാനം.

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ഐടി വിദ്യാര്‍ത്ഥിയാണ് ആശിഷ്. സ്വന്തമായൊരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക എന്നത് ആശിഷിന്റെ സ്വപ്നമായിരുന്നു. പഠനമുറി കുഞ്ഞന്‍ ആപ്പുകളുടെ പണിപ്പുരയാക്കി നിരവധി പരീക്ഷണങ്ങളും നടത്തി. അങ്ങനെയാണ് ടിക്ക്‌ടോക്ക് നിരോധിച്ച അതേദിവസം ടിക്ക്‌ടോക്കിനെ വെല്ലുന്ന പുത്തന്‍ ടിക്ക്ടിക്ക് ആപ്ലിക്കേഷന് ആശിഷ് രൂപം നല്‍കിയത്.

ടിക്ക്‌ടോക്കിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ടിക്ക് ടിക്ക് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനപ്രിയ ആപ്പ് നിരോധിച്ച വാര്‍ത്ത കേട്ട് വിഷമിച്ചിരിക്കുമ്പോഴാണ് അനിയത്തി സാന്ദ്രയെ തേടി ടിക്ക്ടിക്ക് സന്തോഷ വാര്‍ത്തയെത്തുന്നത്. പുത്തന്‍ ആപ്ലിക്കേഷനൊപ്പം ആശിഷും ജനശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് അച്ഛന്‍ സാജനും അമ്മ ദീപയും.