നാടകം പ്രതിസന്ധിയിലായപ്പോൾ മഞ്ജു മാത്രം ആരുടേയും മുന്നിൽ കൈ നീട്ടിയില്ല

മഞ്ജുവിന്റെ ഓട്ടോറിക്ഷയിൽ ടൗണൊന്നു ചുറ്റി.
എളുപ്പം തുറക്കാവുന്ന ഡാഷ് ബോർഡു തുറന്ന് മഞ്ജു അതിനകത്തു രണ്ടു പൊതികൾ കാണിച്ചുതന്നു.
മുളകുപൊടിയും മണലും !
നാടക നടിയാണ് മഞ്ജു കെപിഎസി.
കെപിഎസിയിൽ തുടങ്ങിയതുകൊണ്ടാണ് മഞ്ജു നായർ എന്ന പേര് മഞ്ജു കെപിഎസി ആയത്.
വടക്കും തെക്കും അങ്ങനെ ദൂരസ്ഥലങ്ങളിലൊക്കെ നാടകമുണ്ട്. തിരിച്ചെത്തമ്പോൾ പാതിരാത്രിയോ പുലർച്ചയോ ഒക്കെയാകും.
നാടകം കളിച്ചു തിരികെ സമിതിയിലെത്തി വീട്ടിലെക്കു മടങ്ങാൻ  വാഹനമില്ലാതെ വിഷമിച്ചപ്പോഴാണ് അങ്ങനെയൊരു ബുദ്ധിയുദിച്ചത്.
ഒരു ഓട്ടോറിക്ഷ വാങ്ങുക.
കെപിഎസിയിൽ നിന്നു കിട്ടിയ അഡ്വാൻസും കൈയിലെ കുറച്ചു സമ്പാദ്യവും ചേർത്ത് ഓട്ടോയെടുത്തു. കാറു വാങ്ങാനുള്ള പാങ്ങില്ലായിരുന്നു, ഒട്ടും.
നാടകം കഴിഞ്ഞു കെപിഎസിയുടെ ആസ്ഥാനമായ കായംകുളത്തു തിരിച്ചെത്തിയാൽ ഓട്ടോ ഓടിച്ചു സ്വദേശമായ പത്തനംതിട്ട വള്ളിക്കോട്ടേക്കു മടങ്ങും.
താൻ ഒറ്റയ്ക്കു സഞ്ചരിക്കുന്ന വിവരം അറിയാവുന്ന ആരെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും അപരിചിതർ ഒറ്റയ്ക്കു സഞ്ചരിക്കുന്ന തന്നെ ഉപദ്രവിക്കുമോ എന്നൊരു ഉൾഭയം.. അതുകൊണ്ടാണ് ഡാഷ് ബോർഡിൽ ആ രണ്ടു പൊതികൾ വച്ചത്.
ആരെങ്കിലും വന്നാൽ അതെടുത്തുപയോഗിക്കും. .
പക്ഷേ പൊതികൾ ഒരിക്കൽപോലും എടുക്കേണ്ടി വന്നിട്ടില്ല – മഞ്ജു ചിരിക്കുന്നു.
ലോക്ഡൗൺ കാലത്തു നാടകത്തിനു കർട്ടൺ വീണു
നാടകപ്രവർത്തകർ പ്രതിസന്ധിയിലായപ്പോൾ മഞ്ജു മാത്രം ആരുടേയും സഹായത്തിനായി കൈ നീട്ടിയില്ല. പകരം കാക്കിയിട്ട് ഫുൾടൈം ഓട്ടോ ഡ്രൈവറായി.
വണ്ടിയോടിക്കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പണമായും അടുക്കള സാമഗ്രികളായും സഹപ്രവർത്തകരുടെ വീടുകളിലെത്തിക്കുന്നു.
പതിനഞ്ചു വർഷമായി ഈ 36 കാരി നാടക രംഗത്തുണ്ട്.  .
‘ നാടകവേദികൾ ഒന്നു പുഷ്ടിപ്പെട്ടു വന്ന സമയമായിരുന്നു. കോവിഡ് മാറി  ഇനി എന്നു നാടകം തുടങ്ങുമെന്നറിയില്ല. ഓട്ടോയിൽ നിന്നുള്ള വരുമാനമാണ് ഇപ്പോഴത്തെ ആശ്രയം. വീട്ടുകാര്യവും മകന്റെ (ആദിത്യൻ) പഠനച്ചെലവും ഇതുകൊണ്ടു നടക്കുന്നുണ്ട്.  ജോലിയില്ലാതായതോടെ ഹോട്ടൽ പണിക്കും തുണിക്കച്ചവടത്തിനും  പെട്രോൾ ബങ്കിൽ ഇന്ധനം നിറയ്ക്കാനും പോയ സഹപ്രവർത്തകരുണ്ട്.’
മഞ്ജുവിൻ്റെ കണ്ണിലൊരു തുള്ളി കണ്ണീരിരുണ്ടുകൂടി.
മാർച്ച്– ഏപ്രിൽ മാസത്തിലാണ് നാടക അഭിനേതാക്കൾക്ക് അഡ്വാൻസ് കിട്ടുന്നത്. അതുകൊണ്ട് ചിട്ടിയും വായ്പയും അടച്ചു തീർക്കും. അഡ്വാൻസ് തുക 100 സ്റ്റേജു കൊണ്ടാണ് സമിതികൾ തിരിച്ചു പിടിക്കുന്നത്.
‘ഞങ്ങൾ നാടകക്കാരുടെ പ്രതിഫലത്തിനു വ്യവസ്ഥയില്ല. പുറത്തു പറയാൻ കൊള്ളാത്ത തുകയാണു കിട്ടുന്നത് ജീവിത പ്രാരാബ്ദം മാറില്ല’
സാക്ഷരതായജ്ഞത്തിന്റെ ഭാഗമായാണു മഞ്ജു അഭിനയരംഗത്തെത്തുന്നത്. കെപിഎസിക്കു  പുറമേ കേരളത്തിലെ മറ്റു പ്രമുഖ സമിതികളിലും പ്രവർത്തിച്ചു.
കെ.ആർ. മീരയുടെ ‘ആരാച്ചാർ’ എന്ന നോവലിന്റെ നാടകരൂപമായ‘അവനവൻതുരുത്തി’ലെ ‘കന്നി,’, ലിയോ ടോൾസ്റ്റോയിയുടെ ‘അന്ന കരാനീനയുടെ നാടകരൂപമായ ‘പ്രണയസാഗര’ത്തിലെ ‘ഗംഗ’, ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന നാടകത്തിലെ ‘ആയിഷ’ എന്നീ കഥാപാത്രങ്ങൾക്കു മികച്ച അഭിനേത്രിക്കുള്ള അംഗീകാരം ലഭിച്ചു. .
ലോക്ഡൗൺ കാലത്തു കലാകാരന്മാർക്കു സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായം കിട്ടുമെന്നു കേട്ടിരുന്നു പക്ഷേ ഒന്നും കിട്ടിയില്ല.– മഞ്ജു വിഷമമില്ല.

ടി ബി.ലാൽ FB post
ചിത്രം -നിഖിൽ രാജ്