സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊച്ചി ബ്രോഡ് വേയിലെ വ്യാപാരി യൂസഫ് (66) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 26 ആയി.

കഴിഞ്ഞ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ദീര്‍ഘനാളായി ഇദ്ദേഹം പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ കൊവിഡ് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 28ാം തിയതി മുതല്‍ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡും ന്യുമോണിയയും രൂക്ഷമായി വൃക്കകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മരണപ്പെടുകയുമായിരുന്നു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും.