കോവിഡ് 19; ഡബ്ലുഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: കോവിഡ് വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു.

അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ട്. പ്രാഥമികമായി വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകള്‍ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനെഡെറ്റ അലെഗ്രാന്‍സി വ്യക്തമാക്കി.