കരോള്‍സംഘത്തിന് നേരെ ആക്രമണം

ചടയമംഗലം : ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുരിയോട് മേടയില്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ അബ്ദുള്ള(16), പുതുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (16) രേഖാ സദനത്തില്‍ അമൃതേഷ്(15) പാറവിള വീട്ടില്‍ നാസിം എന്നിവരെ ഗുരുതര പരിക്കുകളോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്തുമത വിശ്വാസികളല്ലാത്തവര്‍ കരോള്‍ നടത്തിയതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

കുരിയോട് കൈതക്കുറ്റിയില്‍ ജയകുമാര്‍(ജയന്‍), സഹോദരന്‍ ജയപ്രകാശ്, ജയകുമാറിന്റെ മകന്‍ വൈഷ്ണവ്, നെട്ടേത്തറ കൃഷ്ണവിലാസത്തില്‍ കൃഷ്ണകുമാര്‍(കൊച്ചുകുട്ടന്‍) ഊറ്ററ വീട്ടില്‍ ചന്ദ്രന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

എല്ലാവര്‍ഷവും യുവാക്കളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തുക പതിവാണ്. ഇത്തവണയും യുവാക്കള്‍ കരോള്‍ നടത്തുന്നതിനിടെയാണ് ജയകുമാറിന്റെ വീട്ടില്‍ കരോള്‍ സംഘം എത്തിയത്.

കരോള്‍ സംഘം പാടിയ പാട്ട് വീണ്ടും വീണ്ടും പാടാന്‍ നിര്‍ബന്ധിച്ചാണ് ക്രിമിനല്‍ സംഘം ഇവരെ ആക്രമിച്ചത്. നിരവധി കേസുകളില്‍ പ്രതിയായവരും സമീപവാസികളുമായ സംഘമാണ് ആക്രമണം നടത്തിയത്.

എന്നാല്‍, കേസില്‍ പ്രതികളായവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാകാത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.