രശ്മിയും പശുപാലനും വീണ്ടും കളത്തിലിറങ്ങുന്നു; പൊങ്കാലയുമായി സോഷ്യല്‍മീഡിയ

-ക്രിസ്റ്റഫര്‍ പെരേര-

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു വര്‍ഷത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നു. അതോടെ ഫേസ്ബുക്കില്‍ നാട്ടുകാരുടെ തെറിവിളിയും യഥേഷ്ടം.

ഇവര്‍ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫേസ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിസംബര്‍ 26ന് രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താരങ്ങളായ ഇവര്‍ നടത്തി വന്ന പെണ്‍വാണിഭം കയ്യോടെ പിടി കൂടിയത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ സമര്‍ഥമായ നീക്കങ്ങളായിരുന്നു.

online

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിനെ കുറിച്ചുള്ള അന്വേഷണമാണ് കേരളത്തിലും ബംഗളുരുവിലും വേരുള്ള ഓണ്‍ലൈന്‍ പെണ്‍ വാണിഭ സംഘത്തെ കുറിച്ചു സൂചന നല്‍കിയത്. പൊലിസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് ഇടക്കാലത്ത് അത് നിര്‍ത്തി വെച്ചെങ്കിലും പിന്നീട് വീണ്ടും തുടങ്ങി. ചൈല്‍ഡ് പോര്‍ണോഗ്രാഫി പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റ് ആയിരുന്നു അത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് ആയ ലൊകാന്റോയില്‍ കൊച്ചിയില്‍ നിന്ന് പരസ്യങ്ങള്‍ വരുന്നത് പൊലിസിന്റെ ശ്രദ്ധയില്‍ പെട്ടു . കൊച്ചിക്ക് വേണ്ടി പ്രത്യേക പേജ് ഈ സൈറ്റില്‍ തുടങ്ങിയിരുന്നു. ഇന്റര്‍നെറ്റിന്റെ മറവിലെ പരസ്യമായ മാംസകച്ചവടമായിരുന്നു അത്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ ഏതു പ്രായക്കാരെ വേണമെങ്കിലും ലഭിക്കുമെന്ന പരസ്യം ടെലഫോണ്‍ നമ്പര്‍ സഹിതം സൈറ്റില്‍ വന്നപ്പോള്‍ ആവശ്യക്കാര്‍ കൂടി. ഈ നമ്പറുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് യു എ ഇ യില്‍ ജോലിയുള്ള മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മറിനെ കുറിച്ച് സൂചന ലഭിച്ചത്. പ്രധാന സൂത്രധാരന്‍ കാസര്‍കോഡ് സ്വദേശി അബ്ദുല്‍ഖാദര്‍ അഫ്‌സല്‍ എന്ന അക്ബര്‍ ആണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ നീക്കങ്ങളിലാണ് ഓണ്‍ ലൈന്‍ സെക്‌സ് റാക്കറ്റ് വലയിലായത്. ബിസിനസ്സുകാരായി ചമഞ്ഞ് ക്രൈംബ്രാഞ്ച് പോലീസുകാര്‍ അക്ബറിനോട് പെണ്ണിനെ ആവശ്യപ്പെട്ടു .പശുപാലന്റെ ഭാര്യ രശ്മിയുടെ ചിത്രമാണ് അയാള്‍ അയച്ചു കൊടുത്തത്. 50000 രൂപയില്‍ കച്ചവടം ഉറപ്പിച്ചു. നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ എത്താന്‍ അക്ബര്‍ ആവശ്യപ്പെട്ടു.

rahul-pashupalan-reshmy

രശ്മി മാത്രം പോരെന്നും കൊച്ചുകുട്ടികളെയും വേണമെന്നും പറഞ്ഞപ്പോള്‍ എത്തിക്കാമെന്നു അക്ബര്‍ ഏറ്റു. അങ്ങിനെ മൂന്നു കുട്ടികളടക്കം അഞ്ചു പേരെ ഉറപ്പിച്ചു. അതില്‍ ഒരാളെ ബംഗളുരുവില്‍ നിന്ന് വിമാന മാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ കാത്തുനിന്ന പൊലിസ് ആദ്യം അക്ബറി നെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ രശ്മിയെയും കൊണ്ട് രാഹുല്‍ പശുപാലനാണ് ഹോട്ടലില്‍ എത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. ആറു വയസ്സുള്ള മകന്‍ ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. രശ്മിയെ കൂടാതെ രണ്ടു പെണ്‍കുട്ടികളെ പിടി കൂടി. എന്നാല്‍ അറസ്റ്റ് നടക്കുമ്പോള്‍ കാറില്‍ വന്ന മുബീന, വന്ദന എന്നിവര്‍ രക്ഷപ്പെട്ടു. ഇവരുടെ കാര്‍ തടയാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ രക്ഷപ്പെട്ടു. അക്ബറിന്റെ സുഹൃത്ത് ആഷിഖിന്റെ ഭാര്യയാണ് മുബീന.

അക്ബറിന്റെ ഫോണ്‍ പരിശോധിച്ച പൊലിസിനു ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഉള്ളുകള്ളികളെ കുറിച്ചും രശ്മിയുടെ ഇടപാടുകളെ പറ്റിയും വിവരങ്ങള്‍ ലഭിച്ചു. സ്വയം നടത്തുന്ന വ്യഭിചാരത്തിന് പുറമേ സ്ത്രീകളെ സപ്ലൈ ചെയ്യുന്ന തൊഴിലും രശ്മിക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഭാര്യ അവളുടെ ഇഷ്ട പ്രകാരമാണ് പോകുന്നതെന്നും മറ്റു ഇടപാടുകള്‍ അറിയില്ലെന്നുമാണ് അന്ന് രാഹുല്‍ പശുപാലന്‍ പൊലീസിനോട് പറഞ്ഞത്. ഞങ്ങള്‍ക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവരാണ്. നിങ്ങള്‍ക്ക് അത് മനസ്സിലാവില്ല.. എന്നാണ് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനോട് പശുപാലന്‍ പ്രതികരിച്ചത്. ഓപറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പൊലിസ് നടത്തിയ റെയിഡില്‍ അറസ്റ്റിലായത് 12 പേരായിരുന്നു.

ss

മുന്‍പും വിമര്‍ശനങ്ങളെ ചങ്കുറപ്പോടെ നേരിട്ടിരുന്ന രണ്ടുപേരും വീണ്ടും സോഷ്യല്‍ മീഡിയ വഴി പൊതുഇടങ്ങളില്‍ സജീവമാകുന്നതോടെ പല ചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കുമെന്നാണ് കരുതപ്പെടുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രാഹുലിനും രശ്മിയ്ക്കും പങ്കുണ്ടോ എന്ന് പോലീസ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് അറിവ്.
ഇരുവരെയും പോലീസ് കുടുക്കിയതാണെന്നായിരുന്നു കോടതിയില്‍ ഹാജരാക്കായിപ്പോള്‍ രണ്ടുപേരും പറഞ്ഞിരുന്നത്. കിസ്സ് ഓഫ് ലവ് സമരകാലത്താണ് കേരളം രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടെയും പേരുകള്‍ കേട്ട് തുടങ്ങിയത്.

ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിക്കിടെയില്‍ ഫ്‌ളോറില്‍ പോലും പരസ്യമായി ചുംബിക്കാന്‍ ധൈര്യം കാണിച്ചവരായിരുന്നു രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. മലയാളത്തിലെ പ്രമുഖ ചാനലിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനായി ആദ്യ റൗണ്ടില്‍ പേരുവരുന്നതുവരെ രാഹുല്‍ പശുപാലന്‍ വളര്‍ന്നു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും തന്നെ ശക്തമായി പ്രതിരോധിക്കാന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതിനിടെയില്‍ രശ്മിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത് ഇതും വലിയ വിവാദമായിരുന്നു.

ഒരു മോഡല്‍ എന്ന നിലയില്‍ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് അത്തരം ചിത്രങ്ങള്‍ എന്നായിരുന്നു രശ്മി നല്‍കിയ മറുപടി. വിമര്‍ശകരുടെ വായടപ്പിക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നു.

ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്താണ് പെണ്‍വാണിഭത്തിന് രണ്ടുപേരെയും അറസ്റ്റിലായത്. തങ്ങളെ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്ന രീതിയില്‍ ആദ്യ പ്രതികരണങ്ങള്‍ നടത്തിയെങ്കിലും രണ്ടുപേരും ഔദ്യോഗികമായി പിന്നീട് ഒരു പ്രതികരണവും നടത്തിയിട്ടില്ലായിരുന്നു.