നിരീക്ഷണത്തിലുള്ള ആൾ പുറത്തിറങ്ങി; തൊട്ടടുത്ത ദിവസം കൊവിഡും സ്ഥിരീകരിച്ചു; കൽപ്പറ്റ കണ്ടെയ്ൻമെന്റ് സോണായി

കൽപ്പറ്റ: കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ പുറത്തിറങ്ങിയതിന്റെ തൊട്ടടുത്തദിവസം തന്നെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് കൽപ്പറ്റ ടൗണിനെ ഒന്നാകെ വലച്ചു. ടൗൺ ഉൾപ്പെടെ നഗരസഭയിലെ ഏഴു വാർഡുകളെ ഇതോടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വാർഡ് അഞ്ച് (എമിലി), ഒമ്പത് (ചാത്തോത്ത് വയൽ) 11 (എമിലിത്തടം) 14 (പള്ളിത്താഴെ) 15 (പുതിയ സ്റ്റാൻഡ്) 18 (പുത്തൂർവയൽ ക്വാറി), 19 (പുത്തൂർവയൽ) എന്നിവയാണ് അടച്ചിട്ടിരിക്കുന്നത്.

ജൂൺ 20ന് മധുരയിൽ നിന്ന് കൽപ്പറ്റയിലെ മെസ് ഹൗസ് റോഡിലെ വീട്ടിൽ എത്തിയ ആൾക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഇയാൾ ജൂലൈ നാലിന് പുറത്തിറങ്ങുകയായിരുന്നു. നാല്, അഞ്ച് തീയതികളിലായി ടൗണിലെ നാല് സ്ഥാപനങ്ങളിലെത്തി. എന്നാൽ അഞ്ചിന് ഉച്ചക്ക് രണ്ടുമണിയോടെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഇദ്ദേഹമെത്തിയ കണ്ണൂർ സ്റ്റേഷനറിയും കീർത്തി സൂപ്പർമാർക്കറ്റും അധികൃതർ ചൊവ്വാഴ്ച അടപ്പിച്ചു. പത്തുപേരെങ്കിലും രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആനപ്പാലം ജങ്ഷൻ മുതൽ ട്രാഫിക് ജങ്ഷൻ വരെ ദേശീയപാതയുടെ വശങ്ങളിലെ കടകൾ അടച്ചിടണമെന്നാണ് ഇപ്പോഴുള്ള നിർദേശം. അതേസമയം, കൃത്യമായി ക്വാറന്റീൻ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. 119 പേർക്കാണ് വയനാട്ടിൽ ഇതുവരെ രോഗം ബാധിച്ചത്.