സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്നതല്ല ഇപ്പോഴത്തെ വിഷയമെന്ന് കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്നതല്ല ഇപ്പോഴത്തെ വിഷയമെന്നും സ്വര്‍ണം ആരയച്ചു, ആര്‍ക്ക് അയച്ചു എന്നതാണ് ആദ്യം കണ്ടെത്തേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് സിപിഐയുടെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും കാനം വ്യക്തമാക്കി. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം വ്യക്തമാക്കി. സോളാര്‍ കേസും സ്വര്‍ണക്കടത്തും തമ്മില്‍ വ്യത്യാസമുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.