മേജറായിരുന്ന ഭർത്താവിന്റെ സ്മരണയിൽ ഉള്ളുനീറി കഴിയാതെ രാജ്യസേവനത്തിന് ഇറങ്ങി ഗൗരിയുടെ മാതൃക

ന്യൂഡൽഹി: മേജറായിരുന്ന ഭർത്താവിന്റെ സ്മരണയിൽ ഉള്ളുനീറി കഴിയാതെ രാജ്യസേവനത്തിന് ഇറങ്ങി ഗൗരിയുടെ മാതൃക. മേജറായിരുന്ന പ്രസാദ് മരണപ്പെട്ടതിനു ശേഷം സ്വന്തം ജോലി രാജിവെച്ചാണ് ഗൗരി പ്രസാദ് മഹാദിക് എന്ന യുവതി സൈന്യത്തിൽ ചേർന്നത്. ഗൗരിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ഇന്ത്യ-ചൈന അതിർത്തിയിലെ അപകടത്തിൽ 2017ലാണ് ഗൗരിയുടെ ഭർത്താവ് മേജർ പ്രസാദ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഗൗരിയെന്ന് സ്മൃതി ഇറാനി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ഗൗരിയുടെ അസാധാരണമായ കഥ അഭിമാനമാണെന്നു കേന്ദ്രമന്ത്രി പറയുന്നു.

2015ലാണ് ഗൗരിയുടെയും പ്രസാദിന്റെയും വിവാഹം നടക്കുന്നത്. വെറും രണ്ട് വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. മേജർ പ്രസാദ് അപകടത്തിൽ മരിച്ചതോടെ അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഗൗരി ജോലി രാജിവെക്കുകയായിരുന്നു. തന്റെ ഭർത്താവിനോടുള്ള ആദരസൂചകമായാണ് രാജിവെച്ച് സൈന്യത്തിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും ഗൗരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം മാർച്ചിലാണ് ഗൗരി ലെഫ്റ്റനന്റായി ചുമതലയേറ്റത്. രണ്ടാം ശ്രമത്തിലാണ് സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്കോടെ യോഗ്യത നേടുന്നത്.

പ്രസാദിന്റെ മരണശേഷം കരയില്ലെന്ന് തീരുമാനിച്ചു. താൻ കരയുന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ നിന്ദിക്കുന്നതിന് തുല്യമാകും. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് സൈന്യത്തിൽ ചേർന്നത്. എന്റെ ജീവൻ രാജ്യത്തിനുള്ളതാണ്. മരണവരെ എന്റെ രാജ്യത്തെ ഞാൻ പ്രതിരോധിക്കും ഗൗരി പറയുന്നു.