ആർത്തവ സൂര്യന്റ പിറവി (കവിത-അന്ന മേരി ഹസ്കൽ)

1
രാകി രാകി മൂർച്ഛിച്ച
പാകി പാകി മുളപ്പിച്ച
തുടകൾക്കിടയിൽ
ഞാനെന്റെ കാമുകന് അഭയം കൊടുക്കും
അവന്റെ നഷ്ടപ്പെട്ട ക്ലാസ് മുറിയാവട്ടെ
എന്റെ യോനി
അവൻ വരച്ച മൂത്രപ്പുരയാവട്ടെ
എന്റെ യോനീഹൃദയം
അവന്റെ മുട്ടുകുത്തുന്ന പ്രാർത്ഥനകൾ
നട്ടുച്ചകളെ തുറക്കുന്ന എന്റെ യോനിയോട് തുറന്ന് പറയട്ടെ
ഉന്മാദചുണ്ടിൽ ആർത്തവസൂര്യൻ
ചൊനയിറ്റിക്കുമ്പോൾ
നിലാവ് വാറ്റുന്ന
ഓരോ ഔൺസ്‌ രാത്രികൾക്കും
കാവലായ്
രതിയുടെ ഉടലിൽ കൊമ്പുകോർക്കുന്ന
വരയനുടുമ്പുകൾ
പദക്ഷതങ്ങളുടെ
മുൾക്കാടിറങ്ങി വരട്ടെ
2
കുടലുകൾ വേവിക്കുന്ന
ദിവസത്തിൽ നിന്ന്
ചെവി തിന്നുന്ന
കെട്ട കാലത്ത്
ആ സ്ത്രീ ജീവിച്ചിരുന്നു
ആരായിരുന്നു അവർ ?
ഭാര്യയെ
എള്ളെണ്ണയിൽ അച്ചാർ
ഇട്ടുവെച്ചിരിക്കുന്ന
ഒരുവനാൽ
തൊട്ടുകൂട്ടാനായ്
മുലയിൽ കടുക് പൊട്ടിക്കുന്ന
ഒരുവനാൽ
കാട് കയറിയ
ഒരുവൾ
ആ ഒരുവൾ
ആ ഒരുവനാൽ

കവിതയ്ക്ക്
വളമിടുന്നു
3
മുലകളിൽ
രണ്ടു നിശാശലഭങ്ങൾ
പാറി കളിക്കുന്നു
ഓരോന്നിന്റെയും
കഴുത്തിന് പിടിച്ചു
ഓരോ മുലകൾ കൊടുക്കുന്നു
ഇപ്പോഴും എപ്പോഴും എന്നേക്കും
മുലകൾക്ക്‌ ചിറകുവെക്കുന്നു
നുണയുന്തോറും
നനയുന്ന ചിറകിലാണ്
അമ്മയും മകളും
കാമുകന് ഏറുമാടം പണിയുന്നത്
ഗോതമ്പു നിറമുള്ള
ഗോവണിയിൽ അരിമണികൾ വിതറുന്നത്
മരിച്ചു വന്നവർ പറയുന്നു
സ്ത്രീയെ,
നീ മാത്രമാണ്
സ്വർഗ്ഗരാജ്യത്തിന് അവകാശി
എന്തെന്നാൽ
ഒരു രതിയിൽ നീ മൂന്ന്
സ്വർഗങ്ങളിലൂടെ യാത്ര ചെയ്യുന്നു
നമ്മുക്ക്,
പഴുതാര കേറാത്ത
ശംഖുവരയൻ ഗർഭപാത്രങ്ങളിൽ
നോട്ടങ്ങളിൽ മുങ്ങാത്ത
അമരപയർ വിത്തുകൾ
പാകണം
അനന്തരം
കൂട്ടം തെറ്റിയ ബീജവുമായ്
പല്ലികൾ മലകയറുന്നത് കാണാം
4
നമ്മുക്ക്,
ഒരു പോലീസുകാരന്റെ തൊപ്പിയിൽ
വെളുക്കുംവരെ
മൂത്രമൊഴിക്കണം
എല്ലാ പോലീസ് സ്റ്റേഷനുകളും
വ്യഭിചാരശാലകളാക്കണം
നിയമം വഴി തെറ്റിവരുന്ന
കുഞ്ഞാടുകളെ,
പൊറ്റയിൽ വന്നിരിക്കുന്ന
ഈച്ചകളെപോലെ
എന്റെ വൃണങ്ങളിൽ നിങ്ങളെ മേയാൻ വിടും
കൂടത്തിനും ചുറ്റികയ്ക്കും കമ്പിക്കും
ചെയ്യാൻ കഴിയാത്തത്
ഒരു സ്ത്രീയുടെ കവിത
ചെയ്യും
ഒരുമ്പെട്ട ഒരു കവിതയുടെ
ആഘാതത്തിൽ
നിന്നാർക്ക് മോചിതമാകാൻ കഴിയും?
നാറിയ കാൽപ്പനികർ
തളച്ചിട്ട ആണികളിൽ നിന്ന്
അവൾ പുറപ്പെട്ടതിന്റെ
അടയാളങ്ങൾ കാണുന്നില്ലേ?
ഇല്ലെങ്കിൽ കാകളി വൃത്തത്തിൽ നിന്ന്
പുറത്തേക്ക് വരൂ
കവിതയുടെ അവിഹിതങ്ങളിൽ
ചേക്കേറു
അവൾക്കിപ്പോൾ മൂന്ന്
കാമുകനും
അഞ്ചു കാമുകിയുമുണ്ട്
അവളാണ്
ഉത്പത്തിയുടെയും
വെളിപാടിന്റെയും
കവിത.