പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്നിടം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് രൂപവത്കരിക്കാം.