ആളുകൾ അൽഗോരിതങ്ങളാകുമ്പോൾ ( ജെ.എസ്.അടൂർ )

നമ്മൾ ഇന്ന് കാഴ്ച്ചപ്പാടുകൾ കുറയുന്ന കാഴ്ച്ചകളുടെ ലോകത്താണ്.
ഡേറ്റ ദൈവമാണ് എന്ന് കരുതുന്ന ലോകത്തു, ബിഗ് ഡേറ്റ എന്ന ബിഗ് ഡാഡിയെ കൈയ്യിലെടുത്തു നമ്മളെ പുതിയ മാർക്കറ്റിലെ ദൈവങ്ങളുടെ അദൃശ്യ കരങ്ങൾ കൈകാര്യം ചെയ്യുമോ എന്ന ആശങ്ക ആകുലതകളിൽ ആണ് നാമിന്നു കടന്നു പോകുന്നത്.
ഇതു ഒരു സർവെലിൻസ് യുഗമാണ്. അതു സുക്കർബർഗിന്റ സൂത്രം മാത്രമല്ല. അയാൾ ഒരു നിമിത്തം മാത്രമാണ് . കാരണം പലതാണ്.
ആധുനികത അക്കങ്ങളുടെ ഒരു കളിക്കളവും ഒളിക്കളവുമാണ്.
അക്ഷങ്ങരങ്ങള്‍ വിവരങ്ങളുടെ ഹൈവയിയിലൂടെ കുത്തൊഴിക്കില്‍ മറയുമ്പോള്‍ അക്കങ്ങളാണ്‌ കാവല്‍ക്കാര്‍ .
അക്കങ്ങളുടെ കാവല്‍ക്കാര്‍ ആളുകളുടെ കാര്യങ്ങള്‍ നോക്കി നടത്തി അവരുടെ കാര്യസ്ഥരായി ചന്തകളുടെ ദൈവങ്ങളായി.
ചന്തകള്‍ ചിന്തകള്‍ക് ചിന്തേരിട്ടു; ചിന്തകളുടെ ചന്തകള്‍ ചിട്ടപെടുത്തി വരുതിയിലാക്കി . അങ്ങനെ ജീ ഡി പി യും സെന്‍സെക്സും നമ്മള്‍ക്ക് സെക്സിനെക്കാട്ടില്‍ ത്രിഷണയുളവാക്കി.
ചന്തകളും ചന്തകളുടെ ചിന്തകളും രാഷ്ട്രീയത്തില്‍ കടന്നു കയറി. അവര്‍ക്ക് ആളുകളില്‍ വിശ്വാസം നഷ്ട്ടപ്പോള്‍ ആളുകള്‍ക്കു ചുറ്റും അക്കങ്ങളുടെ കവടി നിരത്തി, വേലികെട്ടി. അവിശ്വാസികളെ വിശ്വാസികളാക്കുവാന്‍ സൈക്കോമെട്രിയും, വരുതിയില്‍ നിര്‍ത്താന്‍ ബയോമെട്ട്രിയും കൂട്ടായി . അങ്ങനെ അക്കങ്ങളുടെ ആശാന്‍മാര്‍ അക്ഷരങ്ങളുടെ ആശാന്‍മാരെ പിന്നാമ്പുറത്തെ മനോരഞ്ജന്‍ മാര്‍ക്കെറ്റിലെ കൂലിപ്പണിക്കാരാക്കി.
അക്കങ്ങളിൽ നമ്മുടെ ജീവിതം തുടങ്ങുന്നു. അക്കങ്ങളിൽ അവസാനിക്കുന്നു. കാനേഷുമാരി മുതൽ ക്രെഡിറ്റ്‌ കാർഡ് വരെ. പാസ്സ്പോര്ട്ടും പാസ്സ് വേഡ് വരെ. ആധാരവും ആധാറും വരെ. ജയിലിലും ജോലിയിലും നമ്പറുണ്ട്. സ്റ്റോക്കും സ്റ്റോക്ക് മാർക്കറ്റും നമ്പറാണ്. മാർകെറ്റിൽ സെക്സും സെൻസെക്‌സും നമ്പരാണ്.
സാമ്പത്തികവും സമാനതയും ഇന്ന് അക്കങ്ങളുടെ ആകാരങ്ങളാണ്. ഫോണും ഫെയ്‌സും നമ്പറുകളാണ്. ബജറ്റിലെ അക്കങ്ങളിലൂടെയാണ് അധികാരം നമ്മെളെ ഭരിക്കുന്നത്.
അക്കങ്ങളുടെ ആശാന്മാരാണ് ഇന്ന് രാഷ്ട്രീയം തീരുമാനിക്കുന്നതും തീർപ്പാക്കുന്നതും. അതു കൊണ്ടാണ്
മന്‍-മോഹൻ മാര്‍ക്കെറ്റിന്റെ മനസ്സിനെ മോഹിപ്പിച്ചു, സിംഗ് ഈസ് ദി കിങ് ആകുന്നത്. അവിടെ അക്ഷരങ്ങളുടെ ആശാൻമാർ അശാന്തരാണ്. അവരുടെ ആനന്ദം ‘ആനന്തമായി’ പരിണമിച്ചു അനന്തതയിലെ ഒരു ദീർഘശ്വാസം മാത്രമാണിന്ന്.
നമ്മുടെ പേരിലല്ല കാര്യം. അക്കങ്ങളിലാണ് കാര്യം. നമ്മുടെ ശരീരവും കാണുന്ന കണ്ണും ഉണ്ണുന്ന വിരലും എല്ലാം ഇന്ന് ബയോമെട്രിക് നമ്പറുകളാണ്. പ്രസവ വാർഡിലെ അക്കങ്ങളിൽ തുടങ്ങുന്ന നമ്മുടെ ജീവിതം നമ്പറുകളുടെ ക്യൂവിൽ കൂടി കയറിയിറങ്ങി ആശുപത്രിയിലേ നമ്പറിൽ കൂടി മോർച്ചറിയിൽ അവസാനിക്കുമ്പോഴും നമ്മൾ ഓരോരുത്തരും അതിന്റെ കള്ളിയിൽ വെറുമൊരു അക്കമായി അവസാനിക്കുമെന്നും മറക്കരുത്.
നമ്മൾ എല്ലാം അക്കങ്ങളാണിന്നു. അക്കങ്ങളാണ് പുതിയ കാലത്തെ അക്ഷരങ്ങൾ; അവ അക്കങ്ങളുടെ അലോഗരിതങ്ങളിലാണ്.
അക്കങ്ങളുടെ ഒടയ തമ്പുരാന്മാർ നമ്മെ അക്കങ്ങളായി ഭരിക്കുമ്പോൾ അക്കങ്ങളും അളവുകളും തെറ്റിയാൽ എല്ലാം തെറ്റും. അക്കങ്ങളുടെയും അളവുകളുടെയും ഒടയ തമ്പുരാന്മാർ നമ്മളുടെ ഉള്ളിലെ ലോകവും പുറത്തെ ലോകവും ഭരിക്കുന്നത് സൈക്കോമെട്രിയിലൂടെയും ബയോമെട്രിയിലൂടേയുമാണ്.
അവരാണ് നമ്മുടെ അസ്തിത്വത്തിന്റെ ആധാരമെഴുത്തുകാർ. അങ്ങനെയുള്ള കാലത്തു അക്കങ്ങളാണ് ഭരണ ഭാഷാ. അത്കൊണ്ടാണ് പഴയ അക്ഷരങ്ങൾ തെറ്റുന്നതിൽ പുതിയ ആളുകൾക്കു അലോഗരിതങ്ങളുടെ ലോകത്തു പ്രശ്നമില്ലാത്ത്.
ഫേസ് ബുക്കിനു ഫേസും ബുക്കും ഇല്ലെന്നതാണീന്നിന്റെ വിരോധാഭാസം. ഫേസ് ബുക്ക്‌ ഒരു മായിക വിനിമയ വലയമാണ്. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ആപ്പുകൊണ്ട് കൂടിയാണ് ഇന്ന് ജീവിക്കുന്നത്. ആപ്പുകൾ കൊണ്ട് ആപ്പിൽ ജീവിക്കുന്ന ആപ്പിലായ നമ്മളുടെ മുഖം ഇന്ന് മുഖമില്ലത്ത പുസ്തകമാണ് .
വാക്കുകൾ അക്കങ്ങളുടെ ദാസരാകുമ്പോൾ അക്ഷരങ്ങളുടെ ആശാന്മാർ അന്യം നിന്ന് പോകും. കവിതയും കവികളും അക്കങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങി മരിച്ചുകൊണ്ടിരിക്കുകയാണ്. സുക്കർബർഗുകളാണ് ഇന്നിന്റെ സൂത്രവും , സൂത്രധാരകരും സൂത്ര വാക്യങ്ങളും.
നമ്മൾ ഇന്ന് ജീവിക്കുന്നത് ഹൈപ്പർ ടെക്നൊളജിയുടയും ഹൈപ്പർ മീഡിയയുടെയും യുഗത്തിലാണ്. ഒരു നെറ്റ്‌വർക്ക് സമൂഹത്തിലാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ടെക്‌നോളജി , അഥവാ സാങ്കേതിക വിദ്യമാറുമ്പോൾ നമ്മുടെ വിനിമയ രീതിയും ജീവിത രീതിയും ജീവിത വീക്ഷണങ്ങളു മാറികൊണ്ടിരിക്കും.
കാറ്റിന്‍റെ ഉപയോഗം മനസ്സിലാക്കി പായ് കപ്പൽ വന്നതും വെടിമരുന്ന് കണ്ടു പിടിച്ചതും മനുഷ്യനെയും ചരിത്രത്തെയും മാറ്റി. സ്റ്റീലും സ്റ്റീമും ഗണ്ണും അതിനെയെല്ലാം മാറ്റി. അച്ചടി യന്ത്രം വന്നതോടെ ഭാഷകളുടെ രൂപവും ഭാവവും ഉപയോഗവും മാറി.
അച്ചു കൊണ്ടടിച്ച അക്ഷരങ്ങള്‍ വന്നു .പുസ്തകങ്ങളും ആശയം വിസ്പോടനങ്ങളും വിപ്ലങ്ങളും പുതിയ വിചാര ധാരാകളും പുതിയ രാഷ്ട്രീയ രുപങ്ങളുമുണ്ടായി. വ്യവസായിക വിപ്ലവും രാഷ്ട്രീയ വിപ്ലവവുമുണ്ടായി. ശാസ്ത്രീയ വിപ്ലവങ്ങൾ ഉണ്ടായി.
അച്ചടി അക്ഷരത്തിന്‍റെ അന്വേഷണ ക്രിയകളിലും സര്‍ഗതയിലും മനുഷ്യന്‍ പുതിയ ഭൂമിയും പുതിയ ആകാശവു പുതിയ നക്ഷത്രങ്ങളും കണ്ടു ; ഭൂമിയില്‍ പുതിയ സ്വപ്നങ്ങള്‍ പണിതു ; പ്രപഞ്ചത്തെ കൈവെള്ളയില്‍ ഒതുക്കാന്‍ വെമ്പി . എല്ലാം സയന്‍സും സയന്റ്റിഫിക്കുമായി .
പഴയ സുവിശേഷവും പുതിയ നിയമങ്ങളും പുതിയ സ്വപ്ന രാജ്യങ്ങളും അച്ചടി അക്ഷരങ്ങളുടെ തെളിവില്‍ തേരില്‍ ലോകമെങ്ങും കറങ്ങി നമ്മുടെ ചിന്തകളുടെ സൂക്ഷിപ്പുകാരായി; പുസ്തകങ്ങളില്‍ കുടിയിരുന്നു . അധൂനിക മെഡിസിനും, ആധുനിക സയന്‍സും ആധുനിക ഭരണവും ,നമ്മെ പച്ചയായ പുല്‍പ്പുറങ്ങളിലേക്കും സ്വസ്തതയുള്ള വെള്ളത്തിന്‌ അരികത്തെക്കും നടത്തുന്നതായി നമ്മള്‍ വീണ്ടും സ്വപ്ങ്ങള്‍ കണ്ടു .
പഴയ അസുഖങ്ങൾക്ക് പുതിയ മരുന്നുകൾ കണ്ടു പിടിച്ചു. അപ്പൊൾ പുതിയ അസുഖങ്ങൾ വരുവാൻ തുടങ്ങി. അതിനു വീണ്ടും പുതിയ മരുന്നുകൾ. മനുഷ്യന്റെ ആയുസ്സ് കൂടി. ആവശ്യങ്ങൾ കൂടി. സൗകര്യങ്ങൾ കൂടി. വിനിമയ -സഞ്ചാര മാർഗങ്ങൾ കൂടി. അതിനു അനുസരിച്ച് ആഗ്രഹങ്ങളും കൂടി.
അങ്ങനെ കൊളോണിയലിസവും ആധുനികതയും സയൻസും സാങ്കേതിക വിദ്യയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ആധുനിക മരുന്നുകൾ നമ്മുടെ ആയുസ്സ് കൂട്ടിയപ്പോൾ ആധുനിക ആയുധങ്ങൾ നമ്മുടെ ആയുസ്സിനെ കൂട്ടമായി കൊന്നൊടുക്കി.
പഴയ കുഞ്ഞൻ വൈറസുകൾ ആധുനികൊത്തരമായി ലോകമാകെ ഊടാടി സഞ്ചരിച്ചു ടെക്നൊലെജിയുടെ ബാബേൽ ഗോപുരങ്ങൾ കയറിയ മനുഷ്യനെ കൊഞ്ഞനകുത്തി കൊജ്ഞാണമാരാക്കി വീട്ടിലും നാട്ടിലും പിടിച്ചു കെട്ടി. വൈറലായി, ഡേറ്റയായി, ഡിസ്പ്ലേ ആയി, മരണ നിരക്കുക്കളാക്കി നമ്മെ അനുദിനം ഭയപ്പെടുത്തുന്നു. മരിച്ച മനുഷ്യരുടെ അക്കങ്ങൾ കൂടുന്നു.
നമ്മൾ കൂടുതൽ സുരക്ഷിതം തേടി സാങ്കേതിക വിദ്യയുടെ പുതിയ പടവുകൾ കയറുമ്പോൾ പുതിയ പ്രതീക്ഷകളുടെ മഴയിൽ കുതിർന്ന ചവിട്ടു പടികളിൽ തെന്നി നാം പുതിയ അരക്ഷിതത്വത്തിലേക്ക് കൂപ്പു കുത്തുന്നു എന്നതാണ് ഉത്തരാധുനിക സാങ്കേതിക സാമഗ്രികളില്‍ക്കൂടിയുള്ള നമ്മുടെ ജീവിതത്തിന്റെ ധർമ്മ സങ്കടവും വിരോധാഭാസവും.
കഴിഞ്ഞ മുപ്പതു കൊല്ലമായി വളർന്നു വന്ന വിവര സാങ്കേതിക വിദ്യ നമ്മുളുടെ വിനിമയ വിചാരങ്ങളെയും ചിന്തകളേയും ചന്തകളെയും ചന്തങ്ങളെയും ചിന്തേരിട്ട് വീണ്ടും പരുവപ്പെടുത്തി , ചിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് . നമ്മൾ ചെയ്യുന്നതും ചെയ്യാത്തതും ചെയ്യരുതാത്തതും നോക്കി
കാണുന്ന ഒടയ തമ്പുരാനായി ടെക്‌നോളജി നമ്മുടെ എല്ലാ കാര്യങ്ങളിലും കാര്യസ്ഥരായി .
ആളുകൾ അലോഗരിതങ്ങളായി സ്വയംഭോഗം ചെയ്ത് സന്തോഷിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്ന ഒരു കലികാലം. ഭോഗവും ഉപഭോഗവും അക്കങ്ങളുടെ സ്വയം ഭോഗമാകുമ്പോള്‍ നമ്മുടെ വില ‘നമ്മുടെ ക്രെഡിറ്റ്‌ ‘വര്‍ത്തിനസ്സ് ആകും . നമ്മുടെ ‘നിലയും -വിലയും ഒരു നമ്മുടെ പോക്കെറ്റിലെ ഒരു തുണ്ട് പ്ലാസ്റ്റിക്കിലെ ഒരു നമ്പര്‍ ആണ് .
നമ്മള്‍ അൽഗോരിത ചാത്തന്‍മാരുടെ ഭോഗ മായവലയത്തിലെ പ്ലാസ്റ്റിക് മിന്നാമിനുങ്ങുകളായി ചുറ്റികറങ്ങി നടക്കുന്ന ,ധര്‍മ്മം എന്തെന്ന് പോലും അറിയാത്ത പുതിയ ധര്‍മ്മ സങ്കടങ്ങളുടെ നീര്‍ചുഴിയിലാണ് .
അവിടയാണ് പുതിയ ദൈവ ചന്തക്കാര്‍ ചന്തമായി അവരുടെ ചന്തകളിലേക്ക് കൂട്ടി കൊണ്ടുപോയി കെട്ടിപ്പിടിച്ചു അമ്മ ദൈവങ്ങളും പ്രോസ്പ്പിരിട്ടി പ്രവചകരുമായി നമ്മളുടെ പോക്കറ്റിലെ പ്ലാസ്റ്റിക് കാര്‍ഡിലെ നമ്പറിനെ തേടി പുതിയ നമ്പര്‍ ഇറക്കുന്നത്‌.

ജെ എസ് അടൂർ