നിരാലംബജീവിതങ്ങളുടെ ക്യാൻവാസ്

സുനിൽ മംഗലത്ത്
നിരാലംബജീവിതങ്ങളുടെ ക്യാൻവാസിൽ ആശ്രിതരുടെ ജീവിത നിറഭേദങ്ങളെ കോറിയിടാനുള്ള അതിവൈകാരിക ശ്രമമായി ശ്രീ തമ്പി ആൻ്റണിയുടെ “തൂക്കണാംകുരിവികൾ ” (എഴുത്ത് മാഗസിൻ )എന്ന കഥയെ വായിക്കാമെന്ന് തോന്നുന്നു. ഒപ്പം ജസ്സിലയുടെ ചിന്താലോകത്തെ പരിഭാഷപ്പെടുത്താനായി കഥാകാരൻ മഴയെയും,കുരുവിക്കരച്ചിലുകളെയും, പ്രളയത്തെയും, മഴമുരുകൻ എന്ന സെക്യൂരിറ്റി ജീവനക്കാരൻ്റെ ജീവിത തിരിച്ചറിവുകളെയും കഥയിലുടനീളം ഇഴചേർക്കുന്നതിൻ്റെ കാല്പനിക ഭാഷാ സവിശേഷതയാൽ “തൂക്കണാംകുരുവികൾ ” അതി ലളിതവിവരണമായി തോന്നാമെങ്കിലും കഥയിൽ ഉൾച്ചേർത്തിരിക്കുന്ന ജീവിത ദർശനത്തെ ഇഴപിരിച്ചെടുക്കാൻ വായനക്കാരനെ ബാധ്യതപ്പെടുത്തുന്ന തരത്തിൽ പ്രകൃതിയുടെയും, ജീവിതത്തിൻ്റെയും കുടുംനിറങ്ങളാൽ അലങ്കോലപ്പെട്ട ക്യാൻവാസായി കഥ വളരുന്നതിൻ്റെ ദാർശനികമാനങ്ങളാൽ തൂക്കണാംകുരുവികൾ ഒരസാധാരണ വായനാനുഭവമാണ്.
ഒ.ഹെൻടിയുടെ “അവസാനത്തെ ഇല” എന്ന വിഖ്യാത കഥയുടെ ജീവിതാഭിമുഖ്യത്തെ തൻ്റെ കഥയിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ കഥാകാരൻ പുലർത്തിയിരിക്കുന്ന ദാർശനിക അച്ചടക്കം സവിശേഷമായ ഒന്നായി എനിക്ക് തോന്നുന്നു.
സാധാരണ നിലയിൽ ഇത്തരത്തിലുള്ള ആഖ്യാനത്തിൽ സംഭവിച്ചേക്കാവുന്ന കഥയുടെ പിളർപ്പിനെ തൻ്റെ അർത്ഥവത്തായ ജീവിത നിലപാടുകളാൽ കഥാകൃത്ത് യുക്തിപൂർവ്വം മറികടക്കുന്നതിൻ്റെയും,മനോഹരമായ വാക്കുകളുടെയും സമ്മേളനത്താൽ ഈ കഥ ശ്രദ്ധേയമാണെന്ന് പറഞ്ഞ് കൊണ്ട് പ്രിയ കഥാകാരന് അഭിനന്ദനങ്ങൾ.

തമ്പി ആൻ്റണി

സുനിൽ മംഗലത്ത്