ഞാനിവിടെ ക്വാറന്റയിനിൽ അല്ല, സ്നേഹക്കൂട്ടത്തിന് ചുറ്റുമാണ് (മിനി വിശ്വനാഥൻ)

കാലം കഠിനമാണെന്നറിഞ്ഞ് കൊണ്ട് പരാതി പറയുന്നതിൽ കാര്യമില്ലാലോ ! അതുകൊണ്ട് തന്നെ മനസ്സിനെ നന്നായി പറഞ്ഞൊരുക്കിയിട്ടാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
കുട്ടിക്കാലം മുതലേ ബഹളങ്ങൾക്കിടയിലായിരുന്നു ജീവിതം.
ഉറക്കെ സംസാരിക്കുന്ന മിണ്ടിക്കുട്ടിയായിരുന്നു എന്നും ഞാൻ. ദുബായിലെത്തി ജീവിതം തുടങ്ങിയപ്പോൾ ചെറിയ കുഞ്ഞുങ്ങൾക്ക് ചുറ്റുമായി എന്റെ ലോകം വളർത്തിയെടുത്തതും ബോധപൂർവ്വം തന്നെയായിരുന്നു. കഴിഞ്ഞ പതിനെട്ടു വർഷങ്ങൾ കുഞ്ഞുചിരികളി ശബ്ദങ്ങൾക്കിടയിൽ ഓടിത്തീർന്നു. ഉറക്കത്തിൽ പോലും കുട്ടികളുടെ ബഹളങ്ങൾ താരാട്ടായി.
അതുകൊണ്ട് തന്നെ എനിക്ക് ഒറ്റയ്കാവുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു.
ലോക്ക് ഡൗൺ കാലത്താണ് കഠിനമായ ഏകാന്തതയും കൂടെയാരുമില്ലാത്ത ജീവിതത്തിന്റെ ഭീകരതയും ഭയപ്പാടും കേൾക്കേണ്ടിയും നേരിട്ട് കണ്ടറിയേണ്ടിയും വന്നത്.
സ്വയം നിശബ്ദരായവരോട് ശബ്ദം കൊണ്ടും മനസ്സുകൊണ്ടും കൂടെയുണ്ടാവുമെന്ന് ഉറപ്പ് കൊടുത്ത് ഫോൺ കട്ടു ചെയ്യുമ്പോൾ കണ്ണ് നിറഞ്ഞ് പോയത് സ്വയമറിയാതെയായിരുന്നു. മനുഷ്യർ ഒറ്റത്തുരുത്തുകളിൽ അടിഞ്ഞു പോയതിന്റെ വേവലാതികളിൽ മനസ് കൈ വിട്ടു പോവുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിയും വന്നിട്ടുണ്ടെന്നതും സത്യമാണ്.
ഈയൊരു അവസ്ഥയിലാണ് ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ നാട്ടിലേക്ക് വരാൻ തീരുമാനിക്കുന്നത്. എന്റെയും കൂടെ നാടിന്റെയും സുരക്ഷക്ക് ഒറ്റക്ക് നിൽക്കാൻ തീരുമാനിക്കുമ്പോൾ ആശങ്കകൾ ഇല്ലാതിരുന്നില്ല. പലതവണ വിഷാദത്തിന്റെ പിടിയിലകപ്പെട്ട ഒരാളായത് കൊണ്ട് മനസ്സിനെ പറഞ്ഞ് മനസ്സിലാക്കിക്കലും എളുപ്പമായിരുന്നില്ല.
ഉപദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള സമയമായിരുന്നു ഇത്. ലോകം മുഴുവൻ നേരിടുന്ന ഒഴിവാക്കാനാവാത്ത പ്രതിസന്ധിയിൽ തോറ്റ് പിന്മാറില്ലെന്ന് ഇങ്ങോട്ട് വരുമ്പോഴേ മനസ്സിലുറപ്പിച്ചിരുന്നു.
പ്രതീക്ഷിച്ചതിനേക്കാളിരട്ടി സ്നേഹത്തോടെയാണ് ഈ നാടും അയൽക്കാരും എന്നെ സ്വീകരിച്ചത്.
സർക്കാരിന്റെയും കതിരൂർ പോലീസിന്റെയും ഭാഗത്ത് നിന്ന് നല്ല കരുതൽ അനുഭവിക്കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും സംരക്ഷണമുണ്ടെന്ന് അവർ ഉറപ്പ് തന്നിട്ടുണ്ട്. ഡി ഐ ജി ഓഫീസിൽ നിന്ന് പല തവണ വിളിച്ചു.
ആയുർവേദ ഡോക്ടർ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ആദ്യം ഇടന്തടിച്ച് നിന്ന ആരോഗ്യ പ്രവർത്തകൻ ഇന്നലെ കൊതുകിനെ ഓടിക്കാനുള്ള മരുന്നുമായി വന്നു. വടക്ക് പുറത്തെ ഗ്രിൽസ് തുറന്ന് വേസ്റ്റ് കളയുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞു. കൂടെയുണ്ടെന്ന് ഉറപ്പ് നൽകി.
അടുത്ത വീട്ടിലെ അമ്മമ്മ എല്ലാ ദിവസവും രാവിലെ അവരുടെ മക്കളെ വിളിച്ച് സുഖ വിവരമന്വേഷിക്കുന്നത് കേട്ടാണ് ദിവസം തുടങ്ങുന്നത്. എന്നെയും മറന്ന് പോവാറില്ല ഇരുവീട്ടുകാരും…
ഗ്രിൽസ് പകുതി തുറന്ന് അകത്ത് നിന്നോ എന്ന വിളി കേട്ടാൽ തീരുമാനിക്കാം , അവിടെയൊരു പുതുവിഭവമുണ്ടെന്ന് .
രണ്ടാമത്തെ മിസ്സ് കോളിൽ വാതിൽ തുറന്നാൽ വാഴയിലയിൽ പൊതിഞ്ഞ കുഞ്ഞു സർപ്രൈസുകൾ, സന്തോഷങ്ങൾ .
തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ചേർത്തു നിർത്തലുകൾ ….
ഒന്നും പേടിക്കാനില്ലെന്ന് അയൽ വീട്ടിലെ ഏഴാം ക്ലാസുകാരനൊപ്പം ദുബായിലെ ഏഴ് വയസുകാരുടെയും വോയ്സ് മെസേജുകൾ …
FB കൂട്ടുകാരുടെ അന്വേഷണങ്ങൾ, ഫോൺ വിളികൾ ….
ഞാനിവിടെ ക്വാറന്റയിനിൽ അല്ല…..
സ്നേഹക്കൂട്ടത്തിന് ചുറ്റുമാണ്…..

നാടും നാട്ടുകാരും നന്മയും സ്നേഹവും നിറഞ്ഞതാണെന്ന് പറയുമ്പോഴും വീടിനു പുറത്തിറങ്ങാൻ അനുവാദം കിട്ടിയവർ കരുതലോടെ ഇരിക്കാതെ ഞങ്ങൾ പ്രവാസികളുടെ ഏകാന്തവാസം വ്യർത്ഥമാക്കരുത് എന്ന ഒരപേക്ഷ കൂടെയുണ്ട്

മിനി വിശ്വനാഥൻ