അരുണ്‍ ബാലചന്ദ്രന്റെ നിയമനം യോഗ്യതാ മാനദണ്ഡം മറികടന്നെന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഐ.ടി. ഫെല്ലോ ആയ അരുണ്‍ ബാലചന്ദ്രനെ നിയമിച്ചത് യോഗ്യതാ മാനദണ്ഡവും പ്രവൃത്തിപരിചയവും മറികടന്നാണെന്ന് ആരോപണം. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയൊന്നും ഇല്ലാതിരുന്നിട്ടും അരുണ്‍ ബാലചന്ദ്രനെ ഐ ടി ഫോല്ലോ ആയി നിയമിച്ചത് ക്രമവിരുദ്ധമായാണെന്നാണ് പുറത്തുവരുന്ന വിവരം.

രാജ്യത്തെയോ വിദേശത്തെയോ മുന്‍നിര ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ഐ.ടി. ഫെല്ലോ തസ്തികയ്ക്ക് നിശ്ചയിച്ചിരുന്ന യോഗ്യത. അരുണിന് ഇതുപ്രകാരമുള്ള യോഗ്യതയോ പ്രവൃത്തിപരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി സാറ്റലൈറ്റ് സെന്റര്‍ വഴിയുള്ള എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമാണ് അരുണ്‍ പഠിച്ചത്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഏതൊരാള്‍ക്കും പത്ത് ലക്ഷം രൂപ ഫീസ് അടച്ച് ചേരാവുന്ന, പേരിന് ഒരു പ്രവേശനപരീക്ഷ മാത്രമുള്ള ഇപിജിപി കോഴ്സാണിത്. ഇത് സി.എ.ടി., എം.എ.ടി. പോലുള്ള പ്രവേശന പരീക്ഷകള്‍ക്ക് ശേഷമുള്ള കോഴ്സിന് തുല്യമല്ല.

2014-16 കാലത്താണ് കൊച്ചിയിലെ സാറ്റലൈറ്റ് സെന്ററില്‍ അരുണ്‍ ഈ കോഴ്സ് ചെയ്തത്. 2017-ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ അരുണിനെ ഇതേവര്‍ഷം സെപ്റ്റംബറിലാണ് മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയി നിയമിക്കുന്നത്.