വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 648 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 37724 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 1192915 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 28732 ആയി ഉയര്‍ന്നു. നിലവില്‍ 411133 ആക്ടീവ് കേസുകളാണ് ഉള്ളത്. 753050 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8369 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 327031 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 246 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4965 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 180643 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2626 ആയി ഉയര്‍ന്നു. നിലവില്‍ 51344 ആക്ടീവ് കേസുകളാണ് ഉള്ളത്.

ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2261 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 47030 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1182 ആയി ഉയര്‍ന്നു.