കുന്ദംകുളം കഥകൾ (സുധീർപെരുമ്പിലാവ്)

പഠിപ്പുമതിയാക്കി വെറുതെ നടക്കാൻ തുടങ്ങിയതോടെ നാട്ടുക്കാരുടെ നാക്കിനും പണിയായി.
ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നതുപോലെ മൂന്നുനേരവും ഒരേ ചോദ്യം പഠിക്കാൻ പോകുന്നില്ലങ്കിൽ വല്ല പണിക്കും പോയ്ക്കൂടെ നിനക്കെന്ന്.
ഇത്തരം ചോദ്യങ്ങൾ ആദ്യമൊക്കെ ഒരു സന്തോഷം തന്നിരുന്നു. ആരെങ്കിലുമൊക്കെ നമ്മളോടും വിശേഷങ്ങൾ ചോദിക്കാൻ ഉണ്ടല്ലോ…
പിന്നെ പിന്നെ സ്ഥിരം പല്ലവിയായതോടെ കലിയായി തുടങ്ങി.
എനിക്ക് പണിയിണ്ടാക്കലല്ലാതെ ഇവറ്റകൾക്കൊന്നും വേറൊരു പണിയുമില്ലെ എന്നായി ചിന്ത.
നാട്ടിലെ കാര്യങ്ങളൊക്കെ ഇങ്ങനെയാണങ്കിലും വീട്ടിൽ ഉമ്മ പണിക്കുപോകുന്നതിനെ പറ്റി എപ്പോഴുമൊന്നും പറയാറില്ല.എന്തെങ്കിലും കഴിക്കാനിരിക്കുമ്പോളും രാത്രി ഉറക്കം കണ്ണിൽ പിടിക്കാൻ നേരത്തുമാണ് ഞാൻ വെറുതെ നടക്കുന്നതിനെ പറ്റി ഉമ്മ എന്തങ്കിലും പറയാറുള്ളത്. ഉമ്മാനെ പറഞ്ഞിട്ടും കാര്യമില്ല അന്നൊക്കെ ഞാൻ ആകെപാടെ വീട്ടിലുള്ളതും അപ്പോഴാണല്ലൊ..
വെറുതെയിങ്ങനെ
തെണ്ടി നടക്കാതെ
വല്ലപണിക്കും പൊയ്ക്കുട്രാന്ന് നാട്ടുക്കാരും വീട്ടുക്കാരും പറഞ്ഞുകേട്ട് പ്രാന്തായി നടക്കുന്ന കാലത്താണ് കുന്ദംകുളത്ത് ഫോറിൻ കച്ചോടത്തിന് പോകുന്ന അയൽവാസിയായ വിനോദേട്ടൻ അവിടെ ലാൽ ഫ്രാബ്രിക്സ് എന്ന തുണികടയിൽ ഒരു പണി ശരിയാക്കി തരുന്നത്.
ലാൽ ഫാബ്രിക്സിൽ സെയിൽസ്മാനായി പണിക്കിട്ടിയപ്പോഴാണ് പെരുമ്പിലാവിൽ നിന്നും ആറു കിലോമീറ്റർ അകലെയുള്ള കുന്ദംക്കുളം പട്ടണവും ഞാനുമായുള്ള ബന്ധം തുടങ്ങുന്നത്.
അതിനു മുൻപ് രണ്ടുതവണ കൂട്ടുക്കാരായ ഷമീറിനോടും മാമദുവിനോടുമൊപ്പം ഭാവന തീയേറ്ററിൽ സിനിമ കാണാൻ പോയിട്ടുണ്ടങ്കിലും ഒറ്റക്ക് കുന്ദംക്കുളത്ത് കറങ്ങി നടക്കാൻ തുടങ്ങുന്നത് ലാലിൽ പണിക്ക് കയറിയതിന് ശേഷമാണ്.
ഇന്ന് കാണുന്ന പല ബിൽഡിങ്ങുകളും ഷോപ്പുകളുമൊന്നും അന്നുണ്ടായിരുന്നില്ലങ്കിലും എന്റെ കാഴ്ച്ചയിൽ അന്ന് കുന്ദംക്കുളം ഇന്നത്തെ പോലെ ചെറുതായിരുന്നില്ല.
നിറയെ ബസുകളും യാത്രക്കാരും വഴി കച്ചവടക്കാരും റോഡിനിരുവശവും നിരനിരയായി നിൽക്കുന്ന കടമുറികളുമൊക്കെയുള്ള വലിയൊരു പട്ടണമായിരുന്നു. ബസ് സ്റ്റാന്റിലിറങ്ങി ഗുരുവായുർ റോഡിലേക്ക് മുന്നോട്ട് നടന്നാൽ ഇപ്പോഴത്തെ കല്യാൺ സിൽക്കിസിനപ്പുറത്തെ ബിൽഡിങ്ങിലായിരുന്നു. ലാൽ ഫാബ്രിക്സ് എന്ന പേരിലുള്ള തുണിക്കട . അങ്ങനെ വലിയ ഷോറുമൊന്നും അല്ലായിരുന്നു. കുട്ടികളുടെ ഡ്രസുകളും വയസായവർക്കുള്ള സാരിയും ജാക്കറ്റിന്റെ തുണിയും പാവടയും മറ്റനുബന്ധസാധനങ്ങളുമൊക്കെ വിൽക്കുന്ന ഒറ്റമുറികട
കടയുടമ മാധവേട്ടനും മകൻ ബൈജുലാലുമാണ് എന്നെ കൂടാതെ കടയിലുള്ളത്.
കാലത്ത് ഒമ്പത് മണിക്ക് കടതുറക്കുന്നതിന് മുൻപ് എത്തണം എന്ന ഡിമാന്റിലാണ് മാധവേട്ടൻ എന്നെ പണിക്കെടുത്തതെങ്കിലും ഒമ്പത് മണിക്ക് അച്ചനും മകനും കൂടി കടതുറന്ന് നിലംഅടിച്ചു വ്യത്തിയാക്കി സാധനങ്ങളെല്ലാം പുറത്തെടുത്തുവെച്ചു കഴിഞ്ഞു പത്തു മണിയാവുമ്പോൾ പണിക്കാരനായ ഞാൻ എത്തും. അതായിരുന്നു പതിവ്.
എന്നും ക്യത്യം ഒമ്പത് മണിയോടെ സ്റ്റാൻന്റിൽ എത്തുന്ന ഞാൻ അരമണിക്കൂറോളം സ്റ്റാൻന്റിലിങ്ങനെ നിലാവത്ത് കോഴിയെ അഴിച്ചുവിട്ടതുപോലെ കറങ്ങി നടക്കും. വായ്നോട്ടം തന്നെയാണ് ഉദ്ദേശം.
കൂട്ടിന് ഒന്ന് രണ്ട് സുഹൃത്തുകളും ഉണ്ടാകും.
കുന്ദംക്കുളം ബസ്സ്സ്റ്റാന്റ് ഒരു സംഭവമാണ്.
കുന്ദംക്കുളം ഓർമകൾ തുടങ്ങുന്നത് ബസ്സ്റ്റാന്റിൽ നിന്നാണങ്കിൽ ബസ്സ് സ്റ്റാന്റ് തുടങ്ങുന്നത് സ്റ്റാൻന്റിന്റെ പടിഞ്ഞാറെ മൂലയിലെ ജ്യൂസ് കടയിൽ നിന്നാണ്.
കടയ്ക്കു മുന്നിൽ സ്ഥാപിച്ചിട്ടുള്ള വലിയ അക്വാറിയം പോലുള്ള ചില്ലു പെട്ടിയിൽ ചുവപ്പും മഞ്ഞയും നിറത്തിലുള്ള സർബത്ത് നിറച്ചു വച്ചത് നിലയ്ക്കാത്ത ജലധാര പോലെ മുകളിലേക്കുയർന്നു പൊങ്ങുന്നത് കാണാം (എല്ലാ ദിവസവും ആ ചില്ലുപ്പെട്ടിയിൽ നോക്കി നിൽക്കാറുള്ള ഞാൻ വല്ലപ്പോഴുമൊക്കെ രണ്ടര രൂപ കൊടുത്ത് ഒരു സർബത്ത് കുടിക്കാറുണ്ട്) തൊട്ടപ്പുറത്തെ കോമള ബേക്കറിയിൽ നിന്നും പുറത്തേക്ക് വരുന്ന പഫ്സിന്റേയും കട്ലൈറ്റിന്റേയും ആസ്വാദ്യകരമായ മണം ശ്വസിച്ച് മുന്നോട്ട് നടന്നാൽ വിവിധ വർണ്ണങ്ങളിലൂടെ കടലാസു പൂക്കളും മറ്റും തുക്കിയിട്ടിരിക്കുന്ന ഷെല്ലിയെന്നോ മറ്റോ പേരുള്ള ഫാൻസി സ്റ്റോറിനു മുന്നിൽ വിവിധ നിറങ്ങളിലുള്ള യൂണിഫോം ധരിച്ച സ്ക്കൂൾ , കോളേജ് വിദ്യാർത്ഥിനികളുടെ കൂട്ടങ്ങൾ കാണാം. അപ്പോഴെക്കും വായിൽ വെള്ളമൂറിക്കുന്ന കോമളയിലെ പഫ്സിന്റെ മണം മാറി പരിസരം മുഴുവനും വാസന സോപ്പിന്റേയും മുല്ലപ്പൂവിന്റേയും പെർഫ്യുമിന്റേയും കൂടി കലർന്ന സുഗന്ധമായി മാറും. പെൺക്കൂട്ടങ്ങൾക്കിടയിലൂടെ സാവധാനം നടന്ന് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാത്രം നിർത്തുന്ന കിഴക്കെ മൂലയിലൂടെ റൗണ്ടടിച്ച് തൃശൂർ റോഡിനപ്പുറത്തെ വസന്തം സാരി സെന്ററിനു മുന്നിലൂടെ ഗുരുവായൂർ റോഡിലേക്ക് റോഡ് മുറിച്ചു കടന്നാൽ ഇപ്പോഴത്തെ കല്യാൺ സിൽക്ക്സ് നിൽക്കുന്നിടത്ത് റീഗൽ ഹോട്ടലാണ്. വറുത്ത കാപ്പിക്കുരുവിന്റേയും നെയ്യിൽ വെന്ത കിഴങ്ങ് മാസാലയുടെയും ഹൃദ്യമായ സുഡന്ധം കൊണ്ട് വഴിയാത്രക്കാരെ അകത്തേക്ക് പിടിച്ചു വലിക്കുന്ന റിഗലിന്റെ പ്രലോഭനത്തിൽ വീഴാതെ മുന്നോട്ട് നടന്ന് ലാൽ ഫാബ്രിക്സിൽ എത്തുമ്പോഴേക്കും സമയം ഏതാണ്ട് പത്തുമണിയായി കാണും.
വല്ലപ്പോഴും വഴിയാത്രക്കാരും പതിവുകാരായ കുറച്ചു പേരും മാത്രം വരുന്ന കടയിൽ എനിക്ക് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. മാധവേട്ടനും മകനും സാധുക്കളായതുകൊണ്ട് അവിടുത്തെ സർവീസ് കാലയളവ് എനിക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല എന്നാലും നാട്ടിലെ അൻസാർ സ്ക്കൂളിൽ ഒരു ജോലി ശരിയായതോടെ ഒരു വർഷത്തെ ഔദ്യോതിക ജീവിതം അവസാനിപ്പിച്ച് ഞാൻ ലാൽ ഫാബ്രിക്സിനോട് വിട പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞ് മാധവേട്ടന് സുഖമില്ലാതാവുകയും ബൈജുവേട്ടൻ വെറെ ബിസിനസിൽ ശ്രദ്ധിക്കുകയും ചെയ്തതോടെ ലാൽ ഫാബ്രിക്സ് എന്ന സ്ഥാപനം പ്രവർത്തനം നിർത്തുകയും ചെയ്തു. ഇന്ന് കുന്ദംകുളത്ത് ലാൽ ഫാബ്രിക്സ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് വെറെ ഒരു സ്ഥാപനമാണ് ഉള്ളത്.
ലാൽ ഫാബ്രിക്സിലെ ഒരു വർഷത്തെ ജീവിതകാലത്താണ് കുന്ദംക്കുളം എനിക്ക് പെരുമ്പിലാവ് പോലെ പ്രിയപ്പെട്ടതായിമാറിയത്.
ബസ്സ്റ്റാന്റിലെ ആൾ തിരക്കും റീഗൽ ഹോട്ടലിലെ നെയ്റോസ്റ്റും, ഉഴുന്നുവടയും, ഭാവനയിലും താവൂസിലും കാണുന്ന സിനിമകളും സീനിയർ ഗ്രൗണ്ടിലെ ക്രിക്കറ്റ് മൽസരങ്ങളും , ടൗൺഹാളിനപ്പുറത്തെ വായനശാലയും എല്ലാം ..
കുന്ദംക്കുളത്തെ ജോലി വിട്ടതിനു ശേഷം നാട്ടിലും മറുനാട്ടിലുമായി ജോലികളൊരുപാടു ചെയ്തു. തിരക്കുപിടിച്ച പട്ടണങ്ങൾ പലതും കണ്ടു.
ജീവിതത്തിലെ ഒരു നിയോഗം പൂർത്തിയാക്കാനെന്നവണ്ണം കടലുകടന്ന് വിദേശത്തും കാലുകുത്തി.
അവിടെ എല്ലായിടത്തും ഞാൻ കണ്ടത്
കുന്ദംക്കുളത്തിനെയായിരുന്നു …
മനാമയിലെ ഏറ്റവും തിരക്കേറിയ ബാബിൽ ബഹ്റൈൻ റോഡിൽ നിൽക്കുമ്പോഴും ഞാൻ തിരഞ്ഞതെന്റെ കുന്ദംകുളത്തിനെയായിരുന്നു. ആകാശത്തെ മുക്കാലും മറയ്ക്കുന്ന കൂറ്റൻ കെട്ടിടങ്ങളെ മാറ്റി നിർത്തിയാൽ അവിടെയും എന്നിക്കെന്റെ നഗരത്തെ കിട്ടുമെന്നുറപ്പായിരുന്നു..
കുന്ദംക്കുളം എനിക്കൊരു പ്രദേശം മാത്രമല്ല അതൊരു വികാരമാണ് പെരുമ്പിലാവും. കൊങ്ങണൂരും പാറേമ്പാടവും . അഗതിയ്യൂരും, ചൊവ്വനൂരും ,അടുപ്പൂട്ടിയും ആർത്താറ്റും ഒക്കെ ചുറ്റികിടക്കുന്ന മാനവീകതയുടെ ഒരിടം പണിയെടുക്കാൻ മടിയില്ലാത്തവന് അന്നത്തിനു മുട്ടുവരാതെ നോക്കുന്ന കച്ചവട നഗരം. ടുപ്ലികേറ്റും ഒറിഞ്ചിനലും ഒരേ സമയം വിപണിയിലിറങ്ങുന്ന നഗരം. എല്ലാ യാത്രകളിലും പുതിയ കാഴ്ച്ചകൾ തരുന്ന കന്ദംകുളത്തിനെ കണ്ണുകൊണ്ടല്ല മനസു കൊണ്ടാണു ഞാൻ കണ്ടിരുന്നത്.
കുന്ദംക്കുളമെന്നാൽ ചുവന്ന
കട്ടചമന്തിയും നെയ്യിൽ മൊരിഞ്ഞദോശയും വിളമ്പിയിരുന്ന റീഗൽ ഹോട്ടലിന്റെ രുചിയാണ്. മഴവില്ല് നിറത്തിൽ ജലധാരകൾ സൃഷ്ട്ടിക്കുന്ന ചില്ലുപെട്ടിക്കുള്ളിലെ സർബത്തിന്റെ കുളിർമയാണ്. ഈറനുണങ്ങാത്ത മുടിയുമായി സ്ക്കൂൾ ബസ് പിടിക്കാനെത്തുന്ന പെൺക്കുട്ടികളുടെ കൗതുകം നിറഞ്ഞകടാക്ഷങ്ങളാണ്. ഭാവനയിലും ബൈജുവിലും സ്ക്രിനിൽ വർണ്ണ വിസ്മയങ്ങൾ തീർത്ത സിനിമാകാഴ്ച്ചകളാണ്. നന്തിലത്തിന്റെ ചില്ലുവാതിലിലൂടെ ക്രിക്കറ്റ് കളി കാണാൻ നിൽക്കുന്നവരുടെ ആകാംഷയാണ്. തിരക്കിട്ടു പോകുന്നതിനിടയിലും പുഞ്ചിരി കൊണ്ട് പരിചയം പുതുക്കുന്ന സൗഹൃദങ്ങളുടെ ഓർമയാണ്. മറാക്കാനാവാത്ത ഓർമകളുടെ കലവറയാണ് പറഞ്ഞുപോകും തോറും നിർത്താൻ പറ്റാത്ത കവിതയാണ്.

തുടരും