സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണുകള്‍ ഗുണം ചെയ്യുമെന്ന് ഐഎംഎ

കൊച്ചി: കോവിഡ് വ്യാപന സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.

സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങള്‍ പ്രകടമാണ്. ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നു തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് ഐഎംഎ ആവര്‍ത്തിച്ച് പറയുന്നത്.

നമുക്ക് മുന്നിലെത്തുന്ന ആരും കോവിഡ് വൈറസ് വാഹകരാവാം, പരിശോധനയിലൂടെ അല്ലാതെ ഒരാള്‍ വൈറസ് വാഹകരല്ലെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ എന്നും ഐഎംഎ വ്യക്തമാക്കി.