ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍; മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു

ഭുവനേശ്വര്‍: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു. ഭുവനേശ്വറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയില്‍ വെച്ചാണ് പരീക്ഷണം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷണം.

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ‘കൊവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനായി പ്രത്യേക ലാബും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.’പ്രിവന്റീവ് ആന്‍ഡ് തെറാപ്യൂട്ടിക് ക്ലിനിക്കല്‍ ട്രയല്‍ യൂണിറ്റ്’ എന്നാണ് ഈ ലാബിന് നല്‍കിയിരിക്കുന്ന പേര്.

അതേസമയം നിരവധി വോളന്റിയര്‍മാര്‍ കൊവാക്‌സിന്‍ പരീക്ഷണത്തിനായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രഫസറുമായ ഡോ. ഇ വെങ്കട് റാവു പറഞ്ഞത്. മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായ ജനങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെടാമെന്നും വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18നും 55നും ഇടയില്‍ പ്രായമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തവരെയാണ് വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.