യു.ഡി.എഫ് ,ബി.ജെ.പി സഖ്യം വരും, തുറന്ന് പറഞ്ഞ് സി.പി.എം നേതാവ്

ടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വിശാല മഴവിൽ സഖ്യമുണ്ടാക്കുവാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് സി.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡൻ്റ് എഡിറ്ററുമായ പി.രാജീവാണ് ഇത്തരമൊരു ആക്ഷേപം സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത്.

പ്രസക്ത രൂപം ചുവടെ :-

കേരളത്തിൽ അധികാര തുടർച്ചയുണ്ടാകുന്നത് ഏതുവിധേനയും തടയുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഒരു വശത്ത് മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെടെയുള്ള മതമൗലികവാദ, ഭീകരവാദ സംഘടനകളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നു. മറുവശത്ത് കോൺഗ്രസിൽ രമേശ് ചെന്നിത്തല മുൻകൈയെടുത്ത് ബിജെപിയുമായി രഹസ്യധാരണയും ഉണ്ടാക്കുന്നു. അങ്ങനെ ഭൂരിപക്ഷ വർഗീയതയ്‌ക്കും ഇസ്ലാമിന്റെ പേരിലുള്ള ഭീകരവാദ സംഘടനകൾക്കും ഇടയിലുള്ള പാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിയിരിക്കുന്നു. ഇതിന്‌ അനുസൃതമായ നിലപാടുകളാണ് ഇരു പാർടിയും കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ വർഗീയവൽക്കരണ പ്രക്രിയക്ക് എതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസ് തയ്യാറാകുന്നില്ല. രാജ്യത്ത് കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾ പലപ്പോഴും ബിജെപിയെപ്പോലും പിന്നിലാക്കുന്ന തീവ്ര സ്വഭാവത്തിലാകുന്നു. ഏറ്റവും ഒടുവിലത്തെ രണ്ടു സംഭവം ഇത് വ്യക്തമാക്കുന്നതാണ്. ഒന്ന് രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായി അയോധ്യയിൽ നടത്തുന്ന ഭൂമിപൂജയോടുള്ള നിലപാടാണ്. നിയമപരവും ചരിത്രപരവുമായ പല ചോദ്യങ്ങളും ഉന്നയിച്ച വിധിയാണെന്ന അഭിപ്രായമുള്ളവരും പ്രശ്നം പരിഹരിച്ചുപോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, വിശ്വാസത്തെ വീണ്ടും രാഷ്ട്രീയാധികാര താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിൽ ബിജെപിയേക്കാൾ മുമ്പിൽ തങ്ങളാണെന്ന് സ്ഥാപിക്കുന്നതിന് കോൺഗ്രസും ശ്രമിക്കുന്നു. രാമനാപം ജപിക്കലും ഭജന നടത്തലുമൊക്കെ വിശ്വാസികളുടെ വിശ്വാസപരമായ അവകാശങ്ങളാണ്. അതിന് അവർക്ക് അവകാശവുമുണ്ട്. എന്നാൽ, കോൺഗ്രസ് തന്നെ യുപിയിൽ ഭജനയ്‌ക്ക് നേതൃത്വം നൽകുന്നു. മധ്യപ്രദേശിൽ ഹനുമാൻ ചാലീസ സംഘടിപ്പിക്കുന്നതിന് കോൺഗ്രസ് നേതാവ് കമൽനാഥ് നേതൃത്വം നൽകുന്നു. രാമക്ഷേത്ര നിർമാണത്തിലൂടെ രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ്സിങ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്യാതെ മുസ്ലിംലീഗ് നേതൃത്വവും നിശ്ശബ്ദത പാലിക്കുന്നു.

സമാനമായ രീതി തന്നെയാണ് തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിം പള്ളിയാക്കി മാറ്റിയ തെറ്റായ നടപടിയെ ന്യായീകരിച്ച മുസ്ലിംലീഗിന്റെ നിലപാടിനോട് കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര നിലപാടിനെ പരസ്യമായി പിന്തുണയ്‌ക്കുകയാണ് ലീഗ് ചെയ്യുന്നത്. ഞങ്ങൾ രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആഘോഷമാക്കുമ്പോൾ നിങ്ങൾ ഹാഗിയ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി മാറ്റുന്നതിനെയും രാഷ്ട്രീയമായി കൊണ്ടാടിക്കോളൂ എന്നതാണ് കോൺഗ്രസ് നിലപാട്. ഒരേ വശത്ത് ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും പിന്തുണച്ച് സങ്കുചിത രാഷ്ട്രീയനേട്ടം കൊയ്യാൻ കഴിയുമോയെന്ന ശ്രമമാണിത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന കുറ്റകരമായ മൗനമാണ് മറ്റൊരു കാര്യം. ഫെഡറലിസം പരിമിതപ്പെടുത്തുന്നതോടൊപ്പം ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്ന ഗൗരവമായ മാനങ്ങളുള്ള പ്രശ്നത്തിൽ യുഡിഎഫ് മൗനം പാലിക്കുകയാണ്. ബിജെപി നയങ്ങൾ തുറന്നുകാണിക്കുന്നതിനും ശക്തമായി എതിർക്കുന്നതിനും കോൺഗ്രസ് തയ്യാറാകാതിരിക്കുന്നത് അവർ തമ്മിലുണ്ടാക്കിയ ധാരണയ്‌ക്ക് അനുസരിച്ചാണെന്ന് വ്യക്തം.

മധ്യപ്രദേശിലും കർണാടകത്തിലും കോൺഗ്രസ് ഭരണത്തെ അട്ടിമറിച്ച, ബിജെപിയുടെ ജനാധിപത്യവിരുദ്ധനീക്കത്തെ തുറന്നുകാണിക്കാൻപോലും കേരളത്തിൽ കോൺഗ്രസ് തയ്യാറാകാതിരിക്കുന്നതും യാദൃച്ഛികമല്ല. രാജസ്ഥാനിലെ ഇപ്പോഴത്തെ പ്രശ്നങ്ങളും അറിയാതെപോലും പരാമർശിക്കാതിരിക്കുന്നതിന് രമേശ് ചെന്നിത്തലയും മറ്റും അതീവ ജാഗ്രതയാണ് കാണിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാതെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാൻ പറ്റാത്ത അവസ്ഥയുള്ള പാർടിയാണ് ഇന്നത്തെ കോൺഗ്രസ്. മാറിമാറി ഭരണമെന്ന മോഹത്തിന്റെ പുറകിലാണ് ഇതുവരേയും പിടിച്ചുനിന്നത്. എന്നാൽ, ഭരണതുടർച്ചയെ സംബന്ധിച്ച പൊതുബോധം കോൺഗ്രസ് നേതൃത്വത്തെ നിൽക്കക്കള്ളിയില്ലാതാക്കി. ഏതുവിധേനയും നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരികയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഈ ഹ്രസ്വകാല ലക്ഷ്യത്തിനായി ഒരു വശത്ത് മതമൗലികവാദ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി ഒരു തീവ്രവാദ മുന്നണിയായി മാറി. ഈ തീവ്രവാദമുന്നണി മറുവശത്ത് ബിജെപിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നു.

കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്നതിന് ബിജെപി ഒരിക്കൽപ്പോലും തയ്യാറാകാത്തത് ഈ ധാരണയുടെ ഭാഗമാണ്. ഒരേ അടുക്കളയിൽ ചുട്ടെടുക്കുന്ന നുണകളാണ് പ്രതിപക്ഷനേതാവും ബിജെപി പ്രസിഡന്റും ഓരോ ദിവസവും മാധ്യമങ്ങളിൽ വിളമ്പുന്നത്. കേരളത്തിൽ രാഷ്ട്രീയാധികാരമെന്നത് ബിജെപിക്ക് സ്വപ്നംപോലും കാണാൻ കഴിയാത്തതാണ്. അതുകൊണ്ട് ദീർഘകാലത്തെ പരിപാടിയാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. അതിന്റെ ആദ്യഭാഗം ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്നതാണ്. ത്രിപുരയിൽ, ബിജെപി വിജയിച്ചുവെന്നതിനേക്കാളും ഇടതുപക്ഷം പരാജയപ്പെടുന്നുവെന്നതാണ് തങ്ങൾക്ക് കൂടുതൽ സംതൃപ്തി നൽകിയതെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ഇത്തരുണത്തിൽ പ്രസക്തം. പ്രത്യയശാസ്ത്ര വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി വിജയത്തെ വിശേഷിപ്പിച്ചത്. ത്രിപുരയിൽ അവർ സ്വീകരിച്ച രീതിയുടെ ആദ്യഘട്ടം എന്നത് കോൺഗ്രസ് എംഎൽഎമാരെ മൊത്തത്തിൽ ബിജെപിയാക്കി മാറ്റുകയെന്നതായിരുന്നു. ഒറ്റ എംഎൽഎപോലും ഇല്ലാതിരുന്ന ബിജെപി നിയമസഭയിൽ പ്രധാനപ്രതിപക്ഷമായത് അങ്ങനെയാണ്. അതിന്റെ തുടർച്ചയിലാണ് പിന്നീട് നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നത്.

കോൺഗ്രസിൽനിന്ന്‌ ആരും വരാൻ തയ്യാറാകാത്തതുകൊണ്ടല്ല കേരളത്തിൽ ത്രിപുര മോഡൽ ബിജെപി പ്രതീക്ഷിക്കാത്തത്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയഘടന ഉടൻ അധികാരമെന്ന മോഹത്തിന്‌ പറ്റുന്നതല്ലെന്ന ബിജെപി തിരിച്ചറിവാണ് മധ്യപ്രദേശ് മോഡലിന്‌ പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക, കോൺഗ്രസിനെ അധികാരത്തിലേറ്റുക, ഒപ്പം കോൺഗ്രസിന്റെകൂടി സഹായത്തോടെ ബിജെപിയുടെ അംഗബലം വർധിപ്പിക്കുക എന്ന മൂന്ന്‌ അടിയന്തരലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിനുശേഷം കോൺഗ്രസിനെത്തന്നെ ബിജെപിയാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യവും. ബിജെപിയുടെകൂടി ഭാഗമായി നേതാക്കളുള്ള കേരളത്തിലെ കോൺഗ്രസിനെ എളുപ്പത്തിൽ വിഴുങ്ങാൻ തങ്ങൾക്ക് അധികസമയം ആവശ്യമില്ലെന്ന് ബിജെപിക്കറിയാം.

കോൺഗ്രസിനും മുസ്ലിംലീഗിനും ബിജെപിക്കും ഇത് പുതിയ രീതിയല്ല. വടകരയും ബേപ്പൂരും കോലീബി പരീക്ഷണം നടത്തിയതാണ്. എന്നാൽ, രണ്ടിടത്തും അത് പരാജയപ്പെട്ടു. ന്യൂനപക്ഷ ജനവിഭാഗവും മതനിരപേക്ഷ ശക്തികളും എടുത്ത ശരിയായ നിലപാടാണ് അതിനു കാരണം. അതുകൂടി കണക്കിലെടുത്താണ് മുസ്ലിംലീഗിനെ മുമ്പിൽ നിർത്തി വെൽഫെയർ പാർടിയും മറ്റും ചേർന്ന് ധാരണയുണ്ടാക്കി ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ കഴിയുമോയെന്ന്‌ ശ്രമിക്കുന്നത്. ഇങ്ങനെയൊരു കൂട്ടുകെട്ടിനെ നയിക്കാൻ ബിജെപിക്കുകൂടി സ്വീകാര്യനായ നേതാവ് എന്ന നിലയിലാണ് ചെന്നിത്തലയെ ഉയർത്തിക്കാണിക്കുന്നത്. ആഭ്യന്തരമന്ത്രിയായിരിക്കുന്ന സന്ദർഭത്തിൽ നടത്തിയ പൊലീസ് തലപ്പത്തെ നിയമനങ്ങളും കേസ് എഴുതിത്തള്ളലുകളും രാഷ്ട്രീയമായി എപ്പോഴും സ്വീകരിക്കുന്ന സംഘപരിവാര നിലപാടുകളും ചെന്നിത്തലയെ ബിജെപികൂടി അംഗീകരിക്കുന്ന നേതാവാക്കി മാറ്റിയിട്ടുണ്ട്. മുസ്ലിംലീഗ് നേതൃത്വത്തിന് എങ്ങനെയും അധികാരത്തിൽ വരുന്നതിനപ്പുറത്ത് മറ്റൊരു താൽപ്പര്യങ്ങളുമില്ല. മുസ്ലിം ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളെയല്ല ഇന്നത്തെ ലീഗ് നേതൃത്വം പ്രതിനിധാനം ചെയ്യുന്നത്. അതിസമ്പന്നരുടെ സാമ്പത്തിക താൽപ്പര്യ സംരക്ഷണത്തിനായി സമുദായത്തിന്റെ പേര് ഉപയോഗിച്ച് അധികാരത്തിൽ എത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. നിർണായക നിയമനിർമാണ സന്ദർഭങ്ങളിൽ പാർലമെന്റിൽ എത്താതിരുന്ന മുസ്ലിംലീഗ് എംപിമാർ ബിജെപിക്കും പ്രിയങ്കരാണ്.

ഈ അവിശുദ്ധ മുന്നണിയിൽ മാധ്യമങ്ങളിൽ ഒരു വിഭാഗവും കൈകോർക്കുന്നുണ്ട്. എക്കാലത്തും കമ്യൂണിസ്റ്റ് വിരുദ്ധ, കോൺഗ്രസ് അനുകൂല രാഷ്ട്രീയം സ്വീകരിച്ചിട്ടുള്ള ചില മാധ്യമങ്ങൾ ഇപ്പോൾ ബിജെപിയുടെകൂടി നാവാണ്. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ തൽക്കാലത്തേക്ക് കോൺഗ്രസും എന്ന രീതിയാണ് ഇവരും പിന്തുടരുന്നത്. അതിന്റെ ഭാഗമായി യുഡിഎഫും വെൽഫെയർ പാർടിയും എസ്ഡിപിഐയും ചേരുന്ന തീവ്രവാദ മുന്നണിയും ബിജെപിയും മാധ്യമങ്ങളിൽ ഒരു വിഭാഗവും ചേരുന്ന അവിശുദ്ധ മഴവിൽ സഖ്യമാണ് ഇപ്പോൾ രൂപം കൊണ്ടിട്ടുള്ളത്. വ്യാജവാർത്തകളിലൂടെ സർക്കാരിന്റെ ജനസമ്മതി തകർക്കാൻ കഴിയുമോയെന്ന വൃഥാശ്രമമാണ് ഇവർ നടത്തുന്നത്.

താൽക്കാലിക നേട്ടങ്ങൾക്കായി കൈകോർക്കുന്ന ഈ കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെ തകർക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. മതാടിസ്ഥാനത്തിലുള്ള വിഭജനം ജനാധിപത്യമൂല്യങ്ങളെ തകർക്കുന്നതിലേക്ക് നയിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതു തിരിച്ചറിയേണ്ട സവിശേഷ ഘട്ടത്തിലാണ് കേരളത്തിലെ ഓരോ രാഷ്ട്രീയ പാർടിയും. ഒരു വശത്ത് ബിജെപിയുമായും മറുവശത്ത് മതമൗലികവാദികളുമായി സഖ്യമുണ്ടാക്കുന്ന കോൺഗ്രസിന്റെ ഈ സമീപനത്തിനൊപ്പം നിൽക്കാൻ ആ പാർടിക്കു പിന്നിൽ അണിനിരന്നിട്ടുള്ള മതനിരപേക്ഷ വാദികൾക്ക് കഴിയുമോ? കോൺഗ്രസിനെത്തന്നെ ബിജെപിയാക്കി മാറ്റാനുള്ള ഈ ആസൂത്രിതനീക്കം ഇവർ തിരിച്ചറിയുകതന്നെ ചെയ്യും. ഇതിന്‌ ചുക്കാൻ പിടിക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിനൊപ്പം നിൽക്കാൻ ആ പാർടിക്ക് ഒപ്പം നിൽക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കഴിയുമോ? ന്യൂനപക്ഷ സമുദായ സംഘടനകൾ പലതും സ്വീകരിച്ച വ്യത്യസ്ത നിലപാട് ശ്രദ്ധേയമാണ്. യുഡിഎഫിനകത്തു നിൽക്കുന്ന പാർടികളും നേതാക്കളും മറ്റ്‌ പാർടികളും ഇത്തരം പ്രശ്നങ്ങളിൽ എന്തുനിലപാട് എടുക്കുന്നുവെന്നത് പ്രധാനമാണ്.

ഈ സവിശേഷമായ സാഹചര്യത്തെ നേരിടേണ്ടത് കേരളീയസമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടത് എൽഡിഎഫിന്റെ മാത്രമല്ല, ആധുനിക കേരളത്തിന്റെ പൊതുവായ ആവശ്യമായും ഇന്ന് മാറിയിരിക്കുന്നു. പല കാരണങ്ങളാൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവരും വിശാലമായ കാഴ്ചപ്പാടോടെ നിലപാട് സ്വീകരിക്കേണ്ട സവിശേഷ സന്ദർഭമാണിത്. അതുവഴി ഈ അവിശുദ്ധ മഴവിൽസഖ്യത്തെ തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും കഴിയണം.