കണിച്ചുകുളങ്ങരയിലെ എല്ലാ പശുക്കളെയും ആരാണ് വാങ്ങിയത്?

കണിച്ചുകുളങ്ങരക്കാർ എന്തിന് പശുവിനെ വിൽക്കുന്നു

എല്ലാ ഗോമാതാക്കാള്‍ക്കും 49,000 രൂപ

ആരുടെ കാശാണ് പശുവിന്‍െറ പേരില്‍ ബാങ്കിലെത്തുന്നത് ? 

-സി.ടി. തങ്കച്ചന്‍-

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബി.ഡി.ജെ.എസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയുടെയും ജൻമനാടായ കണിച്ചുകുളങ്ങരയിലെ സാധാരണക്കാർ തങ്ങളുടെ പശുക്കളെ വിൽക്കുന്നു. പശുവിനെ വിറ്റ കാശ് എല്ലാവരും വിവിധബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്.

എസ്.എൻ ഡി പി യോഗത്തിന്റെ കീഴിലുള്ള വനിതാ സംഘം നടത്തുന്ന മൈക്രോ ഫൈനാൻസ് പദ്ധതിയിൽ അംഗങ്ങളായ വീട്ടമ്മമാരും പുരുഷ സ്വയം സഹായ സംഘത്തിലെ അംഗങ്ങളുമാണ് കറവയുള്ള പശുക്കളെ വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. കണിച്ചുകുളങ്ങരയില്‍ ഈ കണക്ക് അനുസരിച്ച് മഷിയിട്ട് നോക്കിയാല്‍ പോലും ഇനിയൊരു പശുവിനെ കാണാനാകില്ല. എല്ലാത്തിനെയും വിറ്റു തുലച്ചുവെന്നാണ് നാട്ടുകാര്‍ ബാങ്കുകാരോട് പറയുന്നത്. കണിച്ചുകുളങ്ങരയിലും പരിസരങ്ങളിലുമായി ഏതാണ്ട് അഞ്ചോളം ബാങ്കുകളുടെ ശാഖകളാണ് ഉള്ളത്. ഇത്തരത്തില്‍ എല്ലാ ബാങ്കുകളിലും പശുവിനെ വിറ്റ പണം നാട്ടുകാര്‍ നിക്ഷേപിച്ചിട്ടുണ്ട്.

നോട്ടു നിരോധനം നിലവിൽ വന്ന നവംബർ എട്ടിനു ശേഷമാണ് എല്ലാവരും
പശുക്കളെ വിറ്റ് പണം ബാങ്കിൽ നിക്ഷേപിക്കാന്‍ തുടങ്ങിയത് .

പെൻഷൻ വേണ്ടിയുള്ള സിറോ ബാലൻസ്‌ അക്കൗണ്ട് ആരംഭിച്ച പാവങ്ങൾ വരെ 49000 രൂപയ്ക്ക് പശുക്കളെ വിറ്റ് കിട്ടിയ നിരോധിച്ച നോട്ട് ബാങ്കിൽ ഇട്ടിട്ടുണ്ട് പലരും ഇതിനകം പണം പിൻവലിച്ചിട്ടുമുണ്ട്.. എല്ലാവരും 49000 രൂപയുമായി ബാങ്കിലെത്തുന്നത് ശ്രദ്ധിച്ച ഒരു ബാങ്ക് ജീവനക്കാരൻ പണം എവിടെ നിന്നു കിട്ടിയെന്ന് സൗഹൃദഭാവത്തിൽ ചോദിച്ചപ്പോഴാണ് പശുവിനെ വിറ്റ കാശാണെന്ന മറുപടി കിട്ടിയത്.പിന്നീട് എത്തിയവരും ഇതു തന്നെ ആവർത്തിച്ചു. പശുക്കളെ വളർത്താനാണോ ഇറച്ചിവെട്ടാനാണോ വിറ്റത്  എന്ന ചോദ്യത്തിന് ഉത്തരമില്ല.’ ഒരു പശുവിനെ വിറ്റ് ബാങ്കിലിട്ടാൽ എന്തു തടയും എന്ന ചോദ്യത്തിനുള്ള മറുപടി ഒരു ചിരിയിലൊതുക്കുകയാണ് കണിച്ചുകുളങ്ങരയിലെ നാട്ടുകാര്‍.

നമ്പൂരി മുതല്‍ നായാടിവരെയുള്ളവരുടെ രക്ഷകനായ വെള്ളാപ്പള്ളി ഈ പശുവില്‍പ്പനയെക്കുറിച്ച് ഒന്നും മിണ്ടിക്കേട്ടിട്ടുമില്ല.