പുതിയ വൈറസ് ഭീതിയില്‍ ചൈന; മരിച്ചത് ഏഴ് പേര്‍, വൈറസ് പരത്തുന്നത് ചെള്ള്

ബീജിങ്:കൊവിഡ് ഭീതി ഒഴിയും മുന്നേ ചൈനയില്‍ ഭീതി പടര്‍ത്തി മറ്റൊരു വൈറസ്. ഒരു തരം ചെള്ളില്‍ നിന്നാണ് പുതിയ വൈറസ് ബാധ ഉണ്ടാകുന്നത്. ചെള്ളിന്റെ കടിക്കുന്നതുമൂലമുണ്ടാകുന്ന വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ ഏഴ് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അറുപതോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ ഈ വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടുണ്ട്.

രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണം. കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, പന്നികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.