പമ്പ ഡാം തുറന്നു ;പമ്പനദിയില്‍ ജലനിരപ്പുയർന്നു , ജാഗ്രതാ നിര്‍ദേശം നല്‍കി സർക്കാർ

പത്തനംതിട്ട ; ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും രണ്ടടിവീതമാണ് തുറന്നത്. ഡാം തുറന്നതോടുകൂടി പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള റാന്നി ,ആറന്മുള റാന്നി ,ചെങ്ങന്നൂർ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കുവാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട് .വേണ്ട മുൻകരുതലുകളും എടുത്തിട്ടുണ്ട് . . ജലനിരപ്പ് ഏകദേശം 40 സെന്റിമീറ്ററില്‍ അധികമാകും. ഷട്ടറുകള്‍ 9 മണിക്കൂര്‍ തുറന്നു വയ്ക്കും.

ആറന്മുള, റാന്നി , കോഴഞ്ചേരി മേഖലകളെയാണ് ഇത് ഏറെയും ബാധിക്കുക. ഇവിടെനിന്നും തിരുവല്ല ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്കും ശക്തമായ ഒഴുക്കുണ്ടാകും. പത്തനംതിട്ടയുടെ വനമേഖലകളില്‍ മഴ തുടരുകയാണ്. പുഴകളിലെ കുത്തൊഴുക്കിന്റെ ശക്തി വര്‍ധിക്കാന്‍ ഇത് കാരണമാകും.

നിലവില്‍ പമ്പ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെത്തോങ്കര ജംക്‌ഷനില്‍ നിലവില്‍ വെള്ളമുണ്ട്. ഇപ്പോള്‍ നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവില്‍ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

പമ്പ നദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി എന്നിവര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്ബുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്ബരുകളില്‍ ജനങ്ങള്‍ക്ക് വിളിക്കാം

0468-2322515, 1077 (ടോള്‍ഫ്രീ)

8547705557, 8547715558, 8547724440, 8547715024,

8547724243, 8547711140,

8547725445, 8547729816,

8547733132.