കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വ‍ര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി വിവരം. വിമാനത്താവളത്തിലെ പ്രധാന റണ്‍വെയില്‍ റബ്ബര്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും റണ്‍വേയില്‍ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു.

സ‍ര്‍വീസിന് ശേഷം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തും വിള്ളലുകള്‍ കണ്ടെത്തി. കാലാവസ്ഥ സൂചന നല്‍കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അത്യാഹിത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ട അഗ്നിശമന വസ്തുക്കള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല തുടങ്ങിയ പ്രശ്നങ്ങളും കരിപ്പൂ‍ര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുട‍ര്‍ന്നാണ് ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡി.സി ശര്‍മ കരിപ്പൂ‍ര്‍ വിമാനത്താവള അധികൃത‍ര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തില്‍ നിന്നു വ്യക്തമാകുന്നത്.

2011 ല്‍ രാജ്യസഭയില്‍ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചിരുന്നു. മംഗളൂരു, ലേ, കുളു, ഷിംല, പോര്‍ട്ട് ബ്ലയര്‍, അഗര്‍ത്തല, ജമ്മു, പട്‌ന, ലത്തൂര്‍ എന്നിവയാണ് സുരക്ഷാ ഭീതി നിലനില്‍ക്കുന്ന മറ്റു വിമാനത്താവളങ്ങള്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ച റണ്‍വേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിയില്ല. റണ്‍വേ വികസനം സംബന്ധിച്ച അനിശ്‌ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്.

വിമാന സര്‍വീസുകളുടെ കാര്യത്തില്‍ ക്രിട്ടിക്കല്‍ വിമാനത്താവളങ്ങള്‍ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉള്‍പ്പെടുത്തിയിരുന്നത്. വിമാനത്താവളത്തിലെ സംവിധാനങ്ങള്‍, സൗകര്യങ്ങള്‍, നടപടിക്രമങ്ങള്‍, ഭൂമിശാസ്‌ത്രം തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. ഫ്ലൈറ്റ് ഓപ്പറേഷന്‍ ഡയറക്‌ടറേറ്റ്, എയറോഡ്രോം സ്‌റ്റാന്‍ഡേര്‍ഡ് ഡയറക്‌ടറേറ്റ് എന്നിവയില്‍ നിന്നുള്ള വിദഗ്‌ധരാണു റിപ്പോര്‍ട്ട് തയാറാക്കിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

സാധാരണ വിമാനത്താവങ്ങളില്‍ നിന്ന് വളരെയേറെ മിനുസമായ റണ്‍വേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയില്‍ പോലും ലാന്‍ഡിംഗ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കില്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തില്‍ റണ്‍വേ നിര്‍മ്മിച്ചതിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് റണ്‍വേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്. റണ്‍വേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റര്‍ സ്ഥലം നിര്‍ബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍,​ കരിപ്പൂരില്‍ ഇത് 75 മീറ്റര്‍ മാത്രമാണ്.