മഴ നനഞ്ഞ് ഒരു തീവണ്ടി ( കവിത -സുരേഷ് കുമാർ.ജി )

മഴ നനഞ്ഞൊരു
തീവണ്ടി പോകയാ –
ണെവിടെയോ വയ
ലേലകൾക്കപ്പുറം..!
അതിവിരഹിയാ
യത്രയേകാകിയായ്
ഒരു തിരസ്കൃത
യാം പെൺകിടാവുപോൽ..!
സജലമാമിരു
മിഴിയും തുടച്ചു കൊ-
ണ്ടകലെയെങ്ങോ
മറഞ്ഞു പോകും വഴി
സ്മൃതിയിലേയ്ക്കു
വരച്ചു ചേർക്കുന്നവൾ
മൃതി ധ്വനിക്കും
വിലാപസങ്കീർത്തനം
വഴിയിൽ നിന്നു
പെയ്തീടുന്നതാരുടെ
സ്മരണ കൊണ്ടു
നനഞ്ഞ കിനാമഴ
മിഴി തുളുമ്പി
വിതുമ്പുന്നതാരുടെ
യൊടുവിലത്തെ
ദിനാന്ത്യക്കുറിപ്പുകൾ
ഒരു മഴക്കാല
സായന്തനത്തിൻ്റെ
കടവിലേയ്ക്കു
തിരിച്ചു പോകുമ്പൊഴും
തടവിലാക്കുന്ന
തേതർത്ഥഗർഭമാം
മൊഴിയിലേയ്ക്കു മരിച്ച
സംഭാഷണം ….?
മഴ നനഞ്ഞു പോ-
-കുന്ന തീവണ്ടി പോൽ
ഹൃദയഭേദകമായ
യാതൊന്നുമേ
എവിടെയും കണ്ട –
തേയില്ലിതേവരെ
ചിതയിലേയ്ക്കു
നടന്നു പോകും വഴി …!
(“മഴ നനഞ്ഞു നിൽക്കുന്ന ഒരു തീവണ്ടിയോളം ദയനീയമായി മറ്റെന്തുണ്ട് …? ” ഒരു ഇംഗ്ലീഷ് കവിതയുടെ ആശയത്തോട് കടപ്പാട്)

സുരേഷ് കുമാർ.ജി