ഭീതി ഒഴിയാതെ സംസ്ഥാനം; ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 880 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോസ് സ്വദേശി ഷംസുദീന്‍ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പന്‍, കാസര്‍കോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതന്‍ 55 എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല.51 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 28664 പരിശോധനകള്‍ നടത്തി. പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121,ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂര്‍ 19, വയനാട് 12, കൊല്ലം 5.