മോക്ഷം നേടിയ അഹല്യ (കവിത- മിനി സുരേഷ് )

നീതിയെപ്പുലർത്തുവാൻ
നിസ്തുല സ്നേഹത്തിൻ
നിറദീപവുമായെത്തുന്നു
മോക്ഷം നേടിയൊരഹല്യ ഞാൻ.

തപസ്സിരിക്കും മുനീന്ദ്രനു പൂജാമാല്യങ്ങളൊരുക്കുവാൻ
കുളിർ തെളിനീർ നിന്നധരത്തിൽ
പകർന്നു നൽകാൻ,

നരച്ച ചിതക്കുള്ളിൽ തപമുണരും
വന്ദ്യവയോധികപതി
തഴുകിതലോടിയുറക്കും
മൃദുതാരുണ്യത്തിൻ
തുടുത്തൊരോമൽ പുലരിയായി
തനുവിൽ ചേർത്തു വച്ച വൽക്കലവും
ഉള്ളിൽ പിടയുമാത്മാവിൻ വിങ്ങലുകളെ
ഭയം ചേർത്തെഴുതി, മരവിച്ച വികാരങ്ങളെ
സാക്ഷിനിർത്തി,സ്വപ്നം കാണാതെ
കനിവിന്റെ നനവേൽക്കാതെ
ചെങ്കനൽ വിതറും താപസന്റെ
ക്രോധാഗ്നി മിഴിമുനക്കുള്ളിലെരിയും
ശാപവചനങ്ങൾ ഭയന്ന്,നീറിടും മുറിവുകളിൽ
കരിയുന്ന നിതാന്ത മോഹങ്ങളിൽ
സ്വയമറിയാതെ എരിഞ്ഞടങ്ങിയവളീ അഹല്യ.

സന്മാർഗരീതികളറിയാതെ
നൊമ്പരം ചേർത്തുടലിൽ
ലഹരിതൻ ദാഹസ്ഫുലിംഗങ്ങളടങ്ങിയപ്പോൾ
ചിന്നിയുടഞ്ഞ വികാരമദസങ്കൽപങ്ങളെ
പർണ്ണശാലയിൽ നിഴൽ മൂകതയണിയും
ഇരുളിന്നീറ്റില്ലത്തിൽ മറഞ്ഞെതാരെന്നറിയാതെ
വിറവാർന്ന മിഴിനീർ നെരിപ്പോടിൽ
ശാപ ശിലയായ് മാറിയവളഹല്യ

ശിലയുടെ ഗദ്ഗദനിസ്വനം വിതുമ്പവേ
മാറി വന്നൊരു ഋതുക്കളും,പൂക്കളും
കാലത്തിൻ കാല്പാടുകളിൽ മറയവേ
ദീപനാളമായുള്ളിൽ വിടർന്നു കനകരൂപം
ഹൃത്തടത്തിൽ ചേർത്തു
നിൻ മൃദുപാദ പദനിസ്വനം
കാതിൽ പതിയുവാൻ
മാമകാത്മാവിൽ രാമമന്ത്രമുതിർത്തു
കാത്തിരുന്നൊരഹല്യ ഞാൻ.

നഷ്ടാവ ബോധങ്ങളിൽ
ശാപമോക്ഷം കാത്തു നിൽക്കും
മുനീന്ദ്രനു വിടുവേല ഒരുക്കുവാൻ
ഭൂവിലയയ്ക്കാതെ,മുക്തി തന്നഞ്ജനം ചാർത്തി
കാനന പഥത്തിൽ സ്നേഹ വലയമായലിയട്ടെ
രാമ..രഘുരാമ..രാമരാമേതി മന്ത്രത്തിൽ
ലയിക്കട്ടെ അഹല്യ തൻ ജന്മം,